സ്വന്തം ലേഖകൻ: അഴിമതിയും വ്യക്തിപരമായ വിവാദങ്ങളും സൃഷ്ടിച്ച കോളിളക്കത്തിനിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഭരണത്തുടർച്ചയ്ക്ക് ഇന്നു ജനവിധി തേടുന്നു. കാനഡയിലെ 46ാം പൊതുതിരഞ്ഞെടുപ്പാണിത്. അഭിപ്രായ സർവേകളിൽ മുന്നിലുള്ളത് ആൻഡ്രൂ ഷീർ നയിക്കുന്ന കൺസർവേറ്റിവ് പാർട്ടിയാണ്. സിഖ് നേതാവ് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും ട്രൂഡോയുടെ ലിബറൽ പാർട്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നു.
സിഖ് വംശജർ ഏറെയുള്ള കാനഡയിൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടി ശക്തമായ സാന്നിധ്യമാണ്. ആൻഡ്രൂ ഷീറിന്റെ (40) കൺസർവേറ്റിവ് പാർട്ടി അധികാരത്തിലെത്താനുള്ള സാധ്യത ട്രൂഡോ തുറന്നു സമ്മതിച്ചതും ശ്രദ്ധേയമായി. സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപിച്ച അഴിമതി ആരോപണങ്ങൾക്കു പിന്നാലെ പഴയകാല വംശീയനിലപാടുകളുടെ പേരിൽ ട്രൂഡോ (47) നേരിട്ട വ്യക്തിപരമായ ആരോപണങ്ങൾ കൂടിയായതോടെയാണു ലിബറൽ പാർട്ടിയുടെ നില പരുങ്ങലിലായത്.
പാർലമെന്റിന്റെ പൊതുസഭയിലെ 338 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടക്കുന്നത്. 2015 ലെ തിരഞ്ഞെടുപ്പിൽ 184 സീറ്റുകൾ നേടിയാണു ലിബറലുകൾ അധികാരത്തിലെത്തിയത്. 338 സീറ്റുകളിൽ 170 സീറ്റു നേടിയാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാം.
പന്ത്രണ്ടു മണിക്കൂറാണ് വോട്ടിങ്. വിവിധ പ്രവിശ്യകളിൽ വിവിധ സമയങ്ങളിലാണ് വോട്ടെടുപ്പ്. ന്യൂഫിൻലൻഡ്, അറ്റ്ലാന്റിക്, സെൻട്രൽ ടൈം സോണുകളിൽ രാവിലെ എട്ടര മുതൽ വൈകിട്ട് എട്ടര വരെയും ഈസ്റ്റേൺ ടൈമിൽ രാവിലെ ഒൻപതര മുതൽ വൈകിട്ട് ഒൻപതര വരെയും മൗണ്ടൻ ടൈം, സസ്കാച്വാൻ രാവിലെ ഏഴര മുതൽ വൈകിട്ട് ഏഴര വരെയും പസഫിക് ടൈം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയുമാണ് പോളിങ് നടക്കുക. വോട്ടർ കാർഡുകളിൽ സമയവും പോളിങ് സ്റ്റേഷനുകളും സംബന്ധിച്ച വിവരങ്ങളുണ്ടാകും. ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ രേഖകളിലൊന്ന് കരുതണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല