ന്യൂദല്‍ഹി: നിരോധനാജ്ഞ ലംഘിച്ച് അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഇന്ന് ജയില്‍മോചിതനാകും. ഹസാരെയ്ക്ക് നിരാഹാര സമരം അനുഷ്ഠിക്കാന്‍ സര്‍ക്കാര്‍ 15 ദിവസത്തേക്ക് അനുമതി നല്‍കിയതോടെയാണ് ജയില്‍മോചനം സംബന്ധിച്ച് തീരുമാനമായത്. കിരണ്‍ബേദിയാണ് ഹസാരെ ജയില്‍മോചിതനാകുന്ന വാര്‍ത്ത പുറത്തുവിട്ടത്.
വലിയ ഉപാധികളൊന്നുമില്ലാതെ സെപ്തംബര്‍ 2 വരെയാണ് ഹസാരെയ്ക്ക് നിരാഹാരമിരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഹസാരെ ടീം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. ജയില്മോചിതനായാലുടന് ഉച്ചയക്ക് 12 മണിയ്ക്ക് അദ്ദേഹം രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തും. ഉച്ചയ്ക്ക് മൂന്നുമണിയോടെ രാംലീലാ മൈതാനിയില്‍ ഹസാരെ നിരാഹാരം ആരംഭിക്കും. മോചിതനാകുന്നതിന്റെ ഭാഗമായി ഹസാരെയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ആശുപത്രിയിലേക്ക് മാറ്റുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ ജയില്മോചിതനാക്കിയിരുന്നെങ്കിലും ഉപാധികള്‍ പിന്‍വലിക്കാതിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. നിബന്ധനകള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും രാംലീലാ മൈതാനത്തിനകത്ത് ഒതുങ്ങി നിന്നാകണം സമരമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല