പ്രവാസി മലയാളികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇംഗ്ലണ്ടില്‍ നടന്ന കലാപം സംബന്ധിച്ചും മലയാളികള്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ചും മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക് പരിഹാരം തേടിയുമുള്ള, ഒ.ഐ.സി.സി യു.കെ നേതാക്കളുടെ വിശദമായ റിപ്പോര്‍ട്ടും നിവേദനവും സ്വീകരിച്ച ശേഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.
കലാപത്തില്‍ മലയാളികള്‍ നേരിട്ട അക്രമങ്ങളെ പറ്റി നേരത്തേ തന്നെ ഓ.ഐ.സി.സി യു.കെ കാമ്പയിന് കമ്മറ്റി ചെയര്‍മാനും മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ഫ്രാന്‍സിസ് വലിയപറമ്പില്‍, മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.ഇംഗ്ലണ്ടിലെ കലാപ മേഖലയിലെ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് എംബസിയ്ക്ക് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രധാനമന്ത്രിയ്ക്കും ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കും ഫാക്സ് സന്ദേശം അയച്ചിരുന്നു.
കലാപത്തിന്റെ മറവില്‍ നടന്ന അതിക്രമങ്ങള്‍ക്ക് മലയാളികള്‍ ഇരയായത് സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ച ഫ്രാന്‍സിസിനോട് വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കെ.പി.സി.സി സെക്രട്ടറി ജെയ്സണ്‍ ജോസഫിനൊപ്പം ഫ്രാന്‍സിസ് വലിയപറമ്പിലും ഒ.ഐ.സി.സി യു.കെ ദേശീയ കാമ്പയിന് കമ്മറ്റി അംഗങ്ങളായ മാമ്മന്‍ ഫിലിപ്പ്, ഗിരി മാധവന് എന്നിവര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് എത്തിയത്.
കലാപത്തില്‍ മലയാളികള്‍ നേരിട്ട പ്രശ്നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിവേദനവും ഒപ്പം യു.കെയിലെ മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച നിവേദനവും അടങ്ങുന്ന ഫയല്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഇത് സ്വീകരിച്ച മുഖ്യമന്ത്രി വിശദമായി തന്നെ ഓരോ വിഷയവും സംഘവുമായി ചര്‍ച്ച നടത്തി. ആദ്യം കലാപത്തിനിടയില്‍ അക്രമത്തിന് ഇരയായവരെ സംബന്ധിച്ചാണ് മുഖ്യമന്ത്രി കൂടുതലായ വിശദീകരണം ആവശ്യപ്പെട്ടത്. തിരുവല്ല സ്വദേശി ബിനുവും ഭാര്യയും അക്രമിക്കപ്പെട്ടതും ബിനുവിന്റെ പാര്‍ട്ട്ണര്‍ഷിപ്പിലുള്ള സ്ഥാപനം കൊള്ളയടിക്കപ്പെട്ടതും സംബന്ധിച്ച വിവരങ്ങള്‍ മാമ്മന്‍ ഫിലിപ്പ് മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വിവരങ്ങള്‍ അറിഞ്ഞ ഉമ്മന്‍ ചാണ്ടി സംഭവത്തില്‍ അതീവ ദുഃഖം അറിയിച്ചു. ലണ്ടന്‍ പോലെ സുരക്ഷിതം എന്നു കരുതുന്ന സ്ഥലത്ത് ഇത് സംഭവിച്ചു എന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിനു നാട്ടിലേയ്ക്ക് മടങ്ങുന്നതിന് പോലും ആലോചിക്കുന്ന അവസ്ഥയിലാണെന്ന് അറിഞ്ഞ മുഖ്യമന്ത്രി സര്‍ക്കാരിന് ഈ വിഷയത്തില്‍ എന്തു സഹായമാണ് ചെയ്യാന്‍ സാധിക്കുന്നതെന്ന് ചോദിക്കുകയായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇന്ത്യന്‍ എംബസിയുടെ സഹായമാണ് ആവശ്യമായി വേണ്ടതെന്ന അഭിപ്രായം ഒ.ഐ.സി.സി സംഘം അറിയിച്ചതോടെ, ഉടന്‍ തന്നെ കേന്ദ്ര എക്സ്റ്റേണല്‍ അഫയേഴ്സ് മിനിസ്റ്റര്‍ ഇ.അഹമ്മദിനെ ഫോണില്‍ ബന്ധപ്പെടുന്നതിന് സ്റ്റാഫിന് അദ്ദേഹം നിര്‍ദേശം നല്കി. കേന്ദ്രമന്ത്രിയുമായി ഈ വിഷയം അപ്പോള്‍ തന്നെ മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഈ പ്രശ്നത്തില്‍ ഇടപെടുന്നതിന് വേണ്ടി എംബസിയിലെ ഒരു മലയാളി ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതിന് ചര്‍ച്ചയില്‍ തീരുമാനമായി. കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉടനെ ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
തുടര്‍ന്ന് യു.കെ മലയാളികള്‍ നേരിടുന്ന മറ്റ് പ്രശ്നങ്ങള്‍ ഒ.ഐ.സി.സി സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതില്‍ ഏറ്റവും പ്രധാനം ലണ്ടനിലെ എംബസിയിലും മറ്റ് സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്ന മലയാളികള്‍ക്ക് അവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് നേരിടേണ്ടി വരുന്ന അസൗകര്യങ്ങളെ പറ്റിയാണ്. ഈ വിഷയം പരിഹരിക്കുന്നതിന് വേണ്ടി എംബസിയിലും കോണ്‍സലേറ്റുകളിലും മലയാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സഹായിക്കുന്നതിന് മലയാളി ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പു നല്കി. ഇതിനു വേണ്ടി പ്രധാനമന്ത്രിയും ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുമായും പ്രത്യേക ചര്‍ച്ചകള്‍ നടത്തും. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുമായും ഇത് നടപ്പിലാക്കി കിട്ടുന്നതിന് ആവശ്യമായ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.
ജനകീയമായ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും അത് യഥാസമയം സര്‍ക്കാരിന് മുന്നില്‍ എത്തിക്കുന്നതിനും തയ്യാറായ ഒ.ഐ.സി.സി യു.കെ നേതൃത്വത്തെ ഉമ്മന്‍ ചാണ്ടി പ്രത്യേകം അഭിനന്ദിച്ചു. ഇനിയും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സര്‍ക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടേയും മുന്നില്‍ കൊണ്ടുവരുന്നതിന് ഒ.ഐ.സി.സിയ്ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രവാസികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാരുകളാണ് കേന്ദ്രത്തിലും സംസ്ഥാനത്തും നിലവിലുള്ളതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
എല്ലാ തിരക്കുകള്‍ക്കിടയില്‍ നിന്നും പ്രത്യേക സമയം മാറ്റി വച്ചാണ്, യു.കെ മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സമയം കണ്ടെത്തിയത്. യു.കെയിലെ തൊഴില്‍ സാഹചര്യങ്ങളും മാറി വരുന്ന കുടിയേറ്റ നിയമങ്ങളും സംബന്ധിച്ചും അദ്ദേഹം ഒ.ഐ.സി.സി നേതൃത്വത്തോട് ചോദിച്ച് അറിഞ്ഞു. നിറഞ്ഞ തിരക്കുകള്‍ക്കിടയില്‍ ഏകദേശം ഒരു മണിക്കൂര്‍ സമയമാണ് മുഖ്യമന്ത്രി ഒ.ഐ.സി.സി സംഘവുമായുള്ള ചര്‍ച്ചകള്‍ക്ക് നീക്കി വച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല