യുവതാരം പൃഥ്വിരാജ് നായകനാകുന്ന കോമഡി ചിത്രം ‘തേജാഭായ് ആന്റ് ഫാമിലി’ ഓണത്തിന് തിയ്യേറ്ററുകളിലെത്തും. ആദ്യമായാണ് പൃഥ്വി നായകനായി ഒരു മുഴുനീള കോമഡി ചിത്രം പുറത്തിറങ്ങുന്നത്. ‘ക്രേസി ഗോപാലന്’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് നിലയുറപ്പിച്ച ദീപു കരുണാകരനാണ് തേജാഭായ് സംവിധാനം ചെയ്യുന്നത്.
മലേഷ്യയില്‍ നിന്നും കോലാലംപൂരിലെത്തിയ യുവ ഡോണാണ് തേജാഭായ്. മനുഷ്യത്വമില്ലാതെ, സ്നേഹത്തിന് തെല്ലുംവില കല്പിക്കാതെ, തന്റേതായ നീതി മാത്രം നടപ്പാക്കുന്ന തേജാഭായിയുടെ മനസ് വേദിക എന്ന സുന്ദരി കീഴടക്കുന്നു. എന്നാല്‍ വേദിക തന്റെ ഫാമിലി ഡീറ്റൈല്‍സ് വെളിപ്പെടുത്തുന്നതോടെ പ്രശ്നങ്ങള്‍ തുടങ്ങുന്നു. മലേഷ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് വേദികയുടെ അച്ഛന് ധര്‍മോജി. മകളെ ജീവനുതുല്യം സ്നേഹിക്കുന്ന ധര്മോജിക്ക് മരുമകന്റെ കാര്യത്തില്‍ ഒറ്റ ഡിമാന്റേയുള്ളൂ, പയ്യന് ഒരു വലിയ കൂട്ടുകുടുംബത്തിലുള്ളവനായിരിക്കണം.
എന്നാല്‍ സ്വപ്രയത്നം ഒന്നുകൊണ്ടുമാത്രം ഈ നിലയിലെത്തിയ തേജയ്ക്ക് ബന്ധുക്കള്‍ എന്നു പറയാന്‍ ആരുമില്ലായിരുന്നു. വേദികയ്ക്കാവട്ടെ അച്ഛനെ ധിക്കരിക്കാനും വയ്യ. അങ്ങനെ പ്രശ്നം പരിഹരിക്കാനായി തേജ തന്റെ സുഹൃത്തായ രാജ്ഗുരു മഹാഋഷി വാഷി വചസിന്റെ സഹായം തേടുന്നു. തേജയുടെ ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തികൊടുക്കാമെന്ന് അദ്ദേഹം വാക്കുനല്‍കുന്നു. ഇന്ത്യയിലെത്തുമ്പോള്‍ നിന്നെക്കാത്ത് ഒരു വലിയ കുടുംബമുണ്ടാവുമെന്നും ഉറപ്പുനല്‍കി. തേജ നാട്ടിലെത്തിയതിനുശേഷമുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
ടൈറ്റില്‍ കഥാപാത്രമായ തേജാഭായിയായി പൃഥ്വിരാജും രാജ്ഗുരുവായി സുരാജ് വെഞ്ഞാറമ്മൂടും വേദികയായി അഖിലയും ക്യാമറക്കുമുന്നിലെത്തുന്നു. തലൈവാസല്‍ വിജയ് ആണ് വേദികയുടെ അച്ഛന് ധര്‍മോജി. ഇവര്‍ക്കു പുറമേ ജഗതി, ജഗദീഷ്, ഹരിശ്രീ അശോകന്, സലിംകുമാര്‍, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, കീരിക്കാടന്‍ ജോസ്, ബിന്ദുപണിക്കര്‍, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല തുടങ്ങി വന്‍താരനിര തന്നെയുണ്ട് ഈ ചിത്രത്തില്‍.
80കളിലെ ഹിറ്റ് ഗാനങ്ങളിലൊന്നായ ‘ഒരു മധുരക്കിനാവിന്‍’ ന്റെ റീമേക്ക് ചിത്രത്തിന്റെ ഹൈലൈറ്റാണ്. ബിച്ചുതിരുമലയുടെ വരികള്‍ക്ക് ശ്യാം ഈണം പകര്‍ന്ന ഗാനം ദീപക് ദേവാണ് പുതുക്കിപണിയുന്നത്. കൈതപ്രം തയ്യാറാക്കിയ മൂന്ന് ഗാനങ്ങളും ചിത്രത്തിലുണ്ടാവും.
ദീപുവിന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാം ദത്താണ്. ശാന്ത മുരളിയും , പി.കെ മുരളീധരനും നിര്‍മ്മിക്കുന്ന ചിത്രം അനന്ത വിഷനാണ് തിയ്യേറ്ററുകളിലെത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല