മുംബൈ: പ്രകാശ് ഝായുടെ വിവാദ ചിത്രം ആരക്ഷണ്‍ ഉത്തര്‍പ്രദേശില്‍ പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. ആരക്ഷണ്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ യു.പി സര്‍ക്കാരിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്.
യു.പിയിലും പഞ്ചാബിലും ചിത്രത്തിനേര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഝാ ആഗസ്റ്റ് 12ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. യു.പി സര്‍ക്കാരിന്റെ വാദം കേട്ടശേഷമാണ് കോടതി തീരുമാനം. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആഗസ്റ്റ് 10നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരക്ഷണിന്റെ പ്രദര്‍ശനം തടഞ്ഞത്.
ചിത്രത്തിന്റെ കഥയില്‍ ചെറിയ ചില തിരുത്തലുകള്‍ വരുത്താമെന്ന് ഝാ സമ്മതിച്ചതോടെ നിരോധനം പിന്‍വലിക്കാന്‍ പഞ്ചാബും ആന്ധ്രാപ്രദേശും തയ്യാറായിരുന്നു.
അതിനിടെ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.പി പ്രവര്‍ത്തകര്‍ തിയ്യേറ്ററിനു മുന്നില്‍ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ബാംഗ്ലൂരിലെ രണ്ട് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു. പ്രശ്നങ്ങളെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസിന്റെ നിര്‍ദേശം അനുസരിച്ചാണ് പ്രദര്‍ശനം നിര്‍ത്തിവച്ചതെന്നാണ് തിയ്യേറ്റര്‍ ഉടമകള്‍ പറയുന്നത്.
ചിത്രം ദളിത് വിരുദ്ധ വികാരം ഉണര്‍ത്തുന്നതാണെന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ പ്രമേയത്തിനെതിരെ ആരക്ഷന്‍ ഗ്രൂപ്പ് എന്ന പേരില്‍ ഒരു സംഘടന രംഗത്തെത്തിയിരുന്നു. ഇതിനു പുറമേ ദ ബ്രാഹ്മിന്‍ സഭ, ചില ദളിത് സംഘടനകള്‍ തുടങ്ങിയവയും ആരക്ഷണിനെതിരെ മുന്നോട്ടുവന്നിരുന്നു.
തന്റെ ചിത്രം സംവരണത്തിനോ ദളിതുകള്‍ക്കോ എതിരെല്ലന്നും വിദ്യാഭ്യസം കച്ചവടവത്കരിക്കുന്നതിനെയാണ് തന്റെ ചിത്രം എതിര്‍ക്കുന്നതെന്നുമാണ് പ്രകാശ് ജാ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല