എഡിറ്റോറിയല്‍
ലോക്പാല്‍ ബില്ലിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരും അണ്ണാ ഹസാരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ജനതയും തമ്മിലുള്ള പോരാട്ടം സങ്കീര്‍ണമായ തലത്തിലേക്കാണ് ഹസാരെയുടെ അറസ്റ്റും തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ മോചനവും മൂലം നീങ്ങുന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ സമഗ്രമാക്കാന്‍ പ്രധാനമന്ത്രിയെയും ജൂഡീഷ്യറിയേയും അതിന്റെ പരിധിയില്‍ കൊണ്ട് വരണമെന്ന ആവശ്യമുന്നയിച്ച് പ്രമുഖ ഗാന്ധീയനായ അണ്ണാ ഹസാരെയും അദ്ദേഹത്തിന്റെ അനുയായികളും അനിശ്ചിതകാല നിരാഹാര സത്യാഗ്രഹമാണ് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടത്തുന്നത്. 15 ദിവസത്തെ സത്യാഗ്രഹത്തിനാണ് പോലീസ് ഹസാരയ്ക്കും കൂട്ടര്‍ക്കും അനുമതി നല്‍കിയതെങ്കില്‍ പോലും സര്‍ക്കാര്‍ പോം വഴി കണ്ടില്ലെങ്കില്‍ സമരം നീളുമെന്ന് ഉറപ്പാണ്. 73 കാരനായ ഹസാരയ്ക്ക് പിന്നില്‍ അഴിമതി വിരുദ്ധ പോരാട്ടത്തിനായ് അണിനിരന്നവരില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ യുവാക്കള്‍ ആണെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത.
കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് സമീപകാലങ്ങളില്‍ ഇന്ത്യയില്‍ പുറത്തു വന്നു കൊണ്ടിരിന്നത്, അഴിമതിയുടെ പേരില്‍ ജയിലിലായ പലരും എത്തിപ്പെട്ട തീഹാര്‍ ജയിലിലേക്കാണ് ഹസാരെയെയും റിമാണ്ട് ചെയ്തത് എന്നത് വലിയ വൈരുധ്യം തന്നെയായിരുന്നു. സ്വാതന്ത്ര്യമായ അഭിപ്രായ പ്രകടനത്തിനും വിയോജിപ്പിനുമുള്ള അവകാശം നമ്മുടെ ജനാതിപത്യത്തിന്റെ അടിസ്ഥാന പ്രമാണമാണ്, എന്നിട്ടും ഹസാരെയും കൂട്ടരെയും സത്യാഗ്രഹം നടത്തുന്നതില്‍ നിന്നും തടഞ്ഞു എന്നതാണ് അഴിമതിയുടെ നീരാളിപ്പിടുത്തത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള നമ്മുടെ ഭരണാധികാരികളുടെ കപട മുഖം കാണിച്ചു തരാന്‍ ഇടയാക്കിയത്. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് പ്രധാനമന്ത്രിയും ജൂഡീഷ്യല്‍ വ്യവസ്ഥയെയും എന്തഴിമതി നടത്തിയാലും വിചാരണ ചെയ്യാന്‍ പരിധികളുണ്ട്.
അഴിമതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നുള്ള എന്നന്നേക്കുമായുള്ള മോചനമാണ് അറുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച രാജ്യത്തിന്റെ പ്രഥമവും പ്രധാനവുമായ ആവശ്യം. 1947 ല്‍ ജനങ്ങള്‍ നടത്തിയ വിപ്ലവത്തിലൂടെയാണ് ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ വിടേണ്ടി വന്നത് അതുപോലൊരു വിപ്ലവത്തിന് തന്നെയാണ് ഹസാരയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ അരങ്ങൊരുങ്ങുന്നത്. രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിളിക്കപ്പെടുന്ന ഈ പോരാട്ടം ബ്രിട്ടീഷുകാര്‍ പോയെങ്കിലും ഇന്നും ഭരണതലത്തില്‍ തുടരുന്ന ജനങ്ങളെ ചൂഷണം ചെയ്യലിന് അറുതി വരുത്താന്‍ വേണ്ടിയാണെന്ന് ഇന്ത്യന്‍ ജനത വിശ്വസിക്കുന്നു അതുകൊണ്ട് തന്നെയാണ് ഹസാരയ്ക്ക് പുറകില്‍ പോരാട്ടത്തിനു വീര്യം പകര്‍ന്നു കൊണ്ട് കടന്നു വരുന്ന ജനങ്ങളുടെ എണ്ണം നിമിഷം തോറും വര്‍ദ്ധിക്കുന്നതും.
നിയമനിര്‍മാണ സഭയായ പാര്‍ലമെന്റും ആ നിയമങ്ങള്‍ നടപ്പാക്കുന്ന ഭരണകൂടവും നിയമവ്യവസ്ഥയ്ക്ക് വേണ്ടി നിലകൊള്ളുന്ന നീതിപീഠവും ഇവയ്ക്കൊപ്പം ജാഗ്രതയോടെ നില കൊള്ളുന്ന മാധ്യമങ്ങളും പൌരന്മാരുമാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍. പരസ്പര പൂരകമെങ്കിലും പാര്‍ലമെന്റിനും ഭരണകൂടത്തിനും ജൂഡീഷ്യറിക്കും കൃത്യമായ ചുമതലകള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. നിയമനിര്‍മാണത്തിനായ് ജനങ്ങള്‍ തിരഞ്ഞെടുത്തു അയയ്ക്കുന്ന പ്രതിനിധികളുടെ സഭയായ പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ ചര്ച്ച് ചെയ്തു തീരുമാനമെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. എന്നാല്‍ ജന പ്രതിനിധികള്‍ കാണിക്കുന്ന അലംഭാവമാണ് ഇപ്പോള്‍ ഹസാരെയെയും അനുയായികളെയും ഒപ്പം ഇന്ത്യയെയും അഴിമതിക്കെതിരെ പോരാടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
അണ്ണാ ഹസാരെയും സംഘവും മുന്നോട്ടു വെച്ചിട്ടുള്ള ജനലോക്പാല്‍ നിയമത്തിലെ ഏത് ഭാഗമാണ് രാജ്യത്തിന് അപകടമെന്നാണ് ഇന്ത്യന്‍ സമൂഹത്തിനു ഇപ്പോഴും മനസിലാകാത്തത്.ഗാന്ധിയുടെ പിന്മുറക്കാര്‍ എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ? നിലവിലുള്ള അഴിമതി നിരോധന നിയമം അപര്യാപ്തമാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണല്ലോ അഴിമതി ഇത്രയേറെ വ്യാപകമായത്. അഴിമതിയെന്ന കാന്‍സറിനെ പിഴുതെറിയുന്ന ഹസാരയുടെയും കൂട്ടരുടെയും പോരാട്ടത്തെ ചെറുക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ചായയെ തകര്‍ക്കുന്നതാണ്. അഴിമതി നടത്തുന്നവരെയും നടത്തിയിട്ടുണ്ടെന്ന് ജൂഡീഷ്യല്‍ അന്വേഷണത്തില്‍ പോലും തെളിഞ്ഞവരെയും അറസ്റ്റു ചെയ്യാത്ത നാട്ടില്‍ അതിനെതിരെ ശ്ബ്ദമുയര്ത്തിയവരെ അറസ്റ്റു ചെയ്തത് ജനാധിപത്യത്തിനു ദോഷം മാത്രമേ ചെയ്യുകയുള്ളൂ.ഒരര്‍ത്ഥത്തില്‍ ഗാന്ധിജി ഭാഗ്യവാനാണ്. ഇക്കാലത്ത് ജീവിച്ചിരുന്നേല്‍ ഖദറില്‍ മാത്രം ഗാന്ധിയെ അനുകരിക്കുന്ന ഗാന്ധിയന്മാര്‍ ഒരുപക്ഷെ അദ്ദേഹത്തെയും അറസ്റ്റു ചെയ്തേനെ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല