‘മൈ മദേഴ്സ് ലാപ്ടോപ്പ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രസംവിധാന രംഗത്തേയ്ക്ക് കടന്ന എഴുത്തുകാരന് രൂപേഷ് പോള്‍ തന്റെ അടുത്തചിത്രവുമായി എത്തുന്നു. സെയ്ന്റ് ഡ്രാക്കുളയാണ് രൂപേഷിന്റെ പുതിയ ചിത്രം, ഇത് ത്രിഡിയിലാണത്രേ തയ്യാറാക്കുന്നത്.
ചലച്ചിത്രലോകത്ത് നവീനആശയങ്ങള്‍ കൊണ്ടുവരാനായി രൂപേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമ വെറൈറ്റിയുടെ ബാനറിലാണ് സെയ്ന്റ് ഡ്രാക്കുളയെന്ന സിനിമ തയ്യാറാവുക. അന്താരാഷ്ട്രതലത്തിലുള്ള ഒട്ടേറെ പ്രതിഭകള്‍ ഈ ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള ഒരു ഫൊറന്‍സിക് വിദഗ്ധന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
രൂപേഷിന്റെ ഭാര്യയായ ഇന്ദുമേനോന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥാരൂപം തയ്യാറാക്കുന്നത് രൂപേഷ് തന്നെയാണ്. ശ്രീവത്സന്‍ മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഒക്ടോബര്‍ ആദ്യവാരത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. പത്തുകോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് സൂചന. ചിത്രത്തിനായുള്ള താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല.
2008ലാണ് രൂപേഷിന്റെ ആദ്യചിത്രമായ ലാപ്ടോപ് പുറത്തിറങ്ങിയത്. സുരേഷ് ഗോപി പത്മപ്രിയ എന്നിവരായിരുന്നു ചിത്രത്തിലെ ജോഡികള്‍. സുഭാഷ് ചന്ദ്രന്റെ പറുദീസ നഷ്ടം എന്ന കഥയെ ആസ്പദമാക്കിയെടുത്ത ചിത്രമായിരുന്നു ഇത്. ചിത്രം വലിയ വിജയമായിരുന്നില്ലെങ്കിലും വേറിട്ട സിനിമയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല