സ്വന്തം ലേഖകൻ: നടന് സുരാജിന്റെ പുതിയ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മൂണ്‍ഷോട്ട് എന്റെര്റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചു രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ല്‍ ഒരുപാട് പ്രത്യേകതകളുള്ള രൂപമാറ്റവുമായി സൂരജ് വെഞ്ഞാറമൂട് എത്തുന്നത്.
ഒരു വൃദ്ധന്റെ വേഷത്തില്‍ എത്തുന്ന സുരാജിന്റെ ഈ പുതിയ ലൂക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സംസ്ഥാന അവര്‍ഡ് ജേതാവ് കൂടിയായ മേക്കപ്പ് ആര്‍ട്ടിസ്റ് റോനെക്സ് സേവിയര്‍ ആണ്. സൂരജ് വെഞ്ഞാറമൂട് എന്ന നടനിലെ പ്രതിഭയെയും അര്‍പ്പണ ബോധത്തെയും അത്ഭുതയോടെയല്ലാതെ നോക്കിക്കാണാന്‍ ആവില്ലെന്നാണ് റോനെക്സ് പറയുന്നത്. അത്രയും പ്രചോദനാത്മകം ആയിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അനുഭവമെന്നും റോനെക്സ് പറഞ്ഞു.
സുരാജിന്റെ മേക്കോവറിനെ കുറിച്ച് റോനക്സ് പറയുന്നത് ഇങ്ങിനെയാണ്. ‘ഒട്ടും കൃത്രിമത്വം ഇല്ലാത്ത തികച്ചും സ്വാഭാവികമായ ഒരു രൂപമാറ്റമാണ് ഈ കഥാപാത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത്.സിനിമയിലെ പ്രായം കാണിക്കാന്‍ മുടി മുന്‍ ഭാഗത്തു നിന്നും കളയേണ്ടി വന്നിരുന്നു. കഥാപാത്രത്തിന്റെ പ്രായം വെളിപ്പെടുത്തുന്ന ചുളിവുകള്‍ ഉണ്ടാക്കാന്‍ പ്രത്യേക തരം മെറ്റീരിയല്‍ ആണ് ഉപയോഗിച്ചത്. കാലാവസ്ഥയിലെ മാറ്റങ്ങളും അതിനോടനുബന്ധിച്ച ഈര്‍പ്പവും എല്ലാം വെല്ലുവിളികള്‍ ആയിരുന്നു.ദിവസവും മണിക്കൂറുകള്‍ നീണ്ടു നിന്ന മേക് അപ്പ് ഇളകാതെ സൂക്ഷിക്കാന്‍ ഒരുപാട് മുന്‍കരുതലുകള്‍ എടുത്തിരുന്നു. മേക് ഓവറിനെ കുറിച് റോനെക്സ് പറഞ്ഞു.
ബോളിവുഡില്‍ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. സൗബിന് ഷാഹിര്‍ നായകനാവുന്ന ഈ ചിത്രത്തി കെന്റി സിര്ഡോയാണ് നായികയാവുന്നത്. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാനവേഷത്തില്‍ എത്തുന്നത്. ചിത്രം നവംബര്‍ 8 ന് തിയേറ്ററില്‍ എത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല