സ്വന്തം ലേഖകൻ: കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് തിങ്കളാഴ്ച പൂർത്തിയായിരുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അധികാരം നിലനിർത്തിയ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയനാകുന്നത് ഒരു ഇന്ത്യൻ വംശജനാണ്. ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ജഗ്മീത് സിങ് എന്ന ഇന്ത്യൻ വംശജൻ കാനേഡിയൻ രാഷ്ട്രീയത്തിൽ ശ്രദ്ധാ കേന്ദ്രമാകുന്നത്.
ലിബറൽ പാർട്ടിക്കൊപ്പം ചേർന്ന് സഖ്യം രൂപികരിക്കാനൊരുങ്ങുകയാണ് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി. ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം നിലനിർത്തിയെങ്കിലും സർക്കാരിന്റെ നിലനിൽപ്പിന് പാർലമെന്റിൽ ഭൂരിപക്ഷം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ജഗ്മീതിന്റെയും ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെയും പ്രാധാന്യം.
കാനഡയിൽ ജനിച്ചുവളർന്ന ജഗ്മീത് സിങ് ക്രിമിനൽ അഭിഭാഷകൻ കൂടിയാണ്. 2017 മുതൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ തലപ്പത്ത് ജഗ്മീതാണ്. ട്രൂഡൊയുടെ ലിബറൽ പാർട്ടിക്ക് വെല്ലുവിളിയായാണ് ഏകദേശം സമാന ആശയമുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടി രാജ്യത്ത് വളർന്നുവരുന്നത്.
ഇന്ത്യയുമായും സിഖ് രാഷ്ട്രീയവുമായും ചേർന്ന് പ്രവർത്തിച്ചിരുന്ന ആളായിരുന്നു ജഗ്മീത് സിങ്. സ്വയം നിർണായകാവകാശം പഞ്ചാബിന്റെ അടിസ്ഥാന അവകാശമാണെന്ന് വാദിച്ച ജഗ്മീത് ഖാലിസ്ഥാൻ വാദികളുടെ റാലികളിലും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ സർക്കാർ സിഖ് സമൂഹത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണെന്ന തരത്തിലുള്ള വാദങ്ങളും ഉയർത്തിയ വ്യക്തിയാണ് അദ്ദേഹം.
2013ൽ ഇന്ത്യയിലേക്കുള്ള വിസ രാജ്യം ജഗ്മീത് സിങ്ങിന് നിഷേധിച്ചിരുന്നു. 2017ൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ ചുമതലയേറ്റടുത്ത ശേഷം ഇന്ത്യൻ ഇന്റലിജൻസിനെതിരെയും ജഗ്മീത് സിങ് രംഗത്തെത്തിയിരുന്നു. കാനഡയില്‍ ലിബറല്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ന്യൂ ഡെമാക്രാറ്റിക് പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റുകളും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി 24 സീറ്റുകളും നേടി. എന്‍ഡിപിക്ക് പ്രതീക്ഷിച്ച സീറ്റുകള്‍ നേടാനായില്ലെങ്കിലും ട്രൂഡോ സര്‍ക്കാരില്‍ സ്വാധീന ശക്തമായി മാറാന്‍ സാധിക്കും.
ട്രൂഡോയുടെ പ്രധാന എതിരാളിയായ ആന്‍ഡ്രൂ ഷീയറിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നേറ്റമുണ്ടാക്കിയെങ്കിലും വിജയത്തിലെത്താന്‍ സാധിച്ചില്ല. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുഖ്യ പ്രതിപക്ഷമായി തുടരും. അഭിപ്രായ സർവേകളിലെല്ലാം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു മുന്‍ തൂക്കം. ആകെ പോള്‍ ചെയ്ത വോട്ടില്‍ 34.4 ശതമാനവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ലിബറലുകള്‍ക്ക് 33 ശതമാനം വോട്ടാണ് നേടാന്‍ സാധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല