സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് കരാർ നടപടികൾ 31 നകം പൂർത്തിയാക്കാനാവില്ലെന്നു വ്യക്തമായതോടെ, നീട്ടിക്കിട്ടുന്ന 3 മാസ കാലാവധിക്കിടെ ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പു നടത്താൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ തയാറെടുക്കുന്നു. ബ്രെക്സിറ്റ് കരാർ ബില്ലിൽ ചൊവ്വാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പ്രതിപക്ഷ ലേബർ എംപിമാരുടെ പിന്തുണയോടെ ജോൺസന് വിജയിക്കാനായെങ്കിലും (322–299) ഈ മാസം 31നു മുൻപ് ബ്രെക്സിറ്റ് നിയമനിർമാണത്തിനുള്ള ബിൽ പാർലമെന്റ് തള്ളി.
കരാറിന് അംഗീകാരം ലഭിച്ചതിന്റെ ആവേശത്തിലാണു ജോൺസൻ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. തെരേസ മേ അവതരിപ്പിച്ച 3 കരാറും പാർലമെന്റ് തള്ളിയിരുന്നു. ഇയു തീരുമാനം വരുന്നതുവരെ കരാർ നിയമനിർമാണ നടപടി നിർത്തിവയ്ക്കുകയാണെന്ന് ജോൺസൻ പാർലമെന്റിൽ അറിയിച്ചു. കരാറിൽ പാർലമെന്റിൽ ചർച്ച ഇന്നും തുടരും.
ബ്രെക്സിറ്റ് കാലാവധി നീട്ടാനുള്ള ജോൺസന്റെ കത്ത് യൂറോപ്യൻ യൂണിയൻ പരിഗണിക്കുകയാണ്. ഇയു തീരുമാനം അറിഞ്ഞശേഷം തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കണോ എന്നത് വ്യക്തമാക്കാമെന്ന് ലേബർ പാർട്ടി വക്താവ് അറിയിച്ചു. പ്രതിപക്ഷം കൂടി പിന്തുണച്ചാലേ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല