പലര്‍ക്കും ഡ്രൈവിംഗ് ടെസ്റ്റ് പാസാകുകയെന്നത് ഏതോ കൊടുമുടി കയറുന്നത് പോലെയുള്ള ദുഷ്കരമായ ലക്ഷ്യമാണ്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ ടെസ്റ്റിനു വിധേയമാകുന്ന സ്ഥലവും നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നതിനെ സ്വാധീനിക്കുന്നുണ്ട്, ഉദാഹരണമായ് സ്കോട്ടിഷ് ഹൈലന്റിലെ മല്ലൈഗിലാണ് നിങ്ങള്‍ ടെസ്റ്റ് നടത്തുന്നത് എന്നിരിക്കട്ടെ ടെന്‍ഷന്‍ അടിക്കുകയേ വേണ്ട 80 ശതമാനവും നിങ്ങള്‍ക്ക് ആദ്യത്തെ തവണ തന്നെ നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയിരിക്കും. അതേസമയം ഈസ്റ്റ് ലണ്ടനിലെ വാന്‍സ്റ്റെടിലെ റോഡുകളാണ് ടെസ്റ്റിനു തിരഞ്ഞെടുത്തതെങ്കില്‍ 71.5 ശതമാനവും ഉറപ്പിച്ചോളൂ നിങ്ങള്‍ നിങ്ങള്‍ക്ക് ആദ്യത്തെ തവണ തന്നെ ലൈസന്‍സ് കിട്ടില്ല!
ഡിപാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടിന്റെ കണക്കുകള്‍ പറയുന്നത് ശരാശരി 46 ശതമാനം ആളുകള്‍ക്കാണ് ആദ്യതവണ തന്നെ രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നതെന്നാണ്. ബ്രാഡ്ഫോര്‍ഡ്, തോര്ന്‍ബുറി, എന്നിവിടങ്ങളിലും ടെസ്റ്റ് നടത്തുകയാണെങ്കില്‍ നിങ്ങളുടെ വാഹനത്തില്‍ നിന്നും L പ്ലേറ്റ് എടുത്തു മാറ്റുക എന്നത് പ്രയാസമുള്ള കാര്യമായിരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈസ്റ്റ് ലണ്ടനില്‍ ഡ്രൈവിംഗ് ട്യൂഷന്‍ സെന്റര്‍ നടത്തുന്ന അലന്‍ സ്കാമല്‍ പറയുന്നത് റോഡിന്റെ ഘടനയാണ് ഇങ്ങനെ സ്ഥലം മാറുന്നതനുസരിച്ച് ലൈസന്‍സ് കിട്ടാനും കിട്ടാതിരിക്കാനും ഇടയാക്കുന്നത് എന്നാണ്.
റിമോട്ട് ഏരിയകളില്‍ ടെസ്റ്റിനു വിധേയമാകുന്നതാണ് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ എളുപ്പമെന്ന് മിക്ക ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളും വ്യക്തമാക്കുന്നുണ്ട്. യുകെയില്‍ സ്കോട്ട്ലാണ്ടിലാണ് ഡ്രൈവിംഗ് ലൈസന്‍സ് ആദ്യത്തെ തവണ തന്നെ കിട്ടുന്നവരുടെ എണ്ണം കൂടുതല്‍. ഇംഗ്ലണ്ടില്‍ മാള്‍ട്ടന്‍ , നോര്‍ത്ത് യോര്‍ക്ക്ഷെയര്‍ എന്നിവിടങ്ങളില്‍ ടെസ്റ്റിനു വിധേയരാകുന്നവര്‍ക്കാണ് പൊതുവേ ടെസ്റ്റില്‍ പരാജയപ്പെടാനുള്ള സാധ്യത കുറവ്.
എന്തായാലും പല തവണ പയറ്റിയിട്ടും ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാത്തവര്‍ക്ക് അവസാനപടിയായി ടെസ്റ്റ് സെന്‍റര്‍ ഒന്നു മാറി നോക്കുന്നത് നന്നായിരിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല