സ്വന്തം ലേഖകൻ: ലൈംഗിക ആക്രമണത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊന്ന കേസിൽ മതപാഠശാലാ പ്രധാന അധ്യാപകൻ അടക്കം 16 പേരെ ബംഗ്ലദേശ് കോടതി വധശിക്ഷയ്ക്കു വിധിച്ചു.കഴിഞ്ഞ ഏപ്രിൽ 10 നാണു നസ്രത്ത് ജഹാൻ റഫി (18) കൊല്ലപ്പെട്ടത്. പ്രധാന അധ്യാപകനെതിരെ മാർച്ച് അവസാനമാണു പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് അറസ്റ്റിലായ അധ്യാപകൻ ജയിലിൽനിന്നു പെൺകുട്ടിയെ കൊലപ്പെടുത്താൻ ആളുകളെ നിയോഗിക്കുകയായിരുന്നു.
പരാതി പിൻവലിക്കാൻ വിസമ്മതിച്ചതോടെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും ചില വിദ്യാർഥികളും ചേർന്നു മതപാഠശാലയ്ക്കുള്ളിൽ പെൺകുട്ടിയെ കെട്ടിയിട്ടു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി. 80% പൊള്ളലേറ്റ പെൺകുട്ടി നാലാം ദിവസം ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ ബംഗ്ലദേശിലെങ്ങും വൻ പ്രതിഷേധമുയർന്നിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സമ്മർദത്തിലാക്കി ധാക്കയിൽ പ്രക്ഷോഭം ദിവസങ്ങളോളം നീണ്ടു. അതിവേഗ കോടതിയിലാണു വിചാരണ നടന്നത്.
കൊല്ലപ്പെടുമ്പോൾ 18 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തിയാണ് സഹപാഠികൾ കൊന്നത്. അവളുടെ നിലവിളി കേൾക്കാവുന്നത്ര അടുത്ത് സഹോദരൻ ഉണ്ടായിരുന്നു. പക്ഷേ കൊലയാളികൾ അവളുടെ അടുത്തെത്താൻ അയാളെ അനുവദിച്ചില്ല. 80 ശതമാനം പൊള്ളലേറ്റ താൻ വൈകാതെ മരിക്കുമെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. സഹോദരന്റെ മൊബൈൽ ഫോൺ വാങ്ങി അവൾ മരണമൊഴി രേഖപ്പെടുത്തി.
“എന്നെ പ്രധാന അധ്യാപകൻ ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാൻ പോരാടും,” എന്നായിരുന്നു അവളുടെ വാക്കുകൾ. കൊലപാതകത്തിന് ശേഷം വലിയ പ്രധിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. മാത്രമല്ല, 165 മില്ല്യൺ ജനങ്ങൾ വസിക്കുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ലൈംഗികാതിക്രമങ്ങളുടെ ഭയാനകമായ വർദ്ധവിനെ ലോകശ്രദ്ധയിൽ എത്തിക്കാനും ഈ സംഭവം വഴി തുറന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല