സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് പ്രതിസന്ധിയിൽനിന്നു കരകയറാൻ തെരഞ്ഞെടുപ്പു മാത്രമാണു പോംവഴിയെന്ന അഭിപ്രായത്തിൽ ഉറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ. ഡിസംബർ 12നു തെരഞ്ഞെടുപ്പു നടത്താൻ നിർദേശിക്കുന്ന പ്രമേയം തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസിൽ സർക്കാർ അവതരിപ്പിക്കുമെന്നു സ്കൈന്യൂസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ പ്രതിപക്ഷം ഇതിനെ അനുകൂലിക്കുമോ എന്നു വ്യക്തമല്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഇല്ലാതെ പ്രമേയം പാസാവുകയില്ലാത്തതിനാൽ പ്രതിപക്ഷത്തിന്റെ സഹായം അനിവാര്യമാണ്. മൂന്നര വർഷമായി ബ്രെക്സിറ്റിനെക്കുറിച്ചു ചർച്ച ചെയ്യുന്നു. ഇനിയും കൂടുതൽ സമയം തരാം. ഒരു ഉപാധി മാത്രം. ഡിസംബർ 12ന് പൊതുതെരഞ്ഞെടുപ്പു നടത്താൻ സമ്മതിക്കണം - ജോൺസൻ എംപിമാരോടായി പറഞ്ഞു.
ഇതേസമയം ബ്രെക്സിറ്റ് കാലാവധി നീട്ടിത്തരുമോ എന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയന്റെ തീരുമാനം ഇന്നുണ്ടായേക്കുമെന്നു സൂചനയുണ്ട്. മൂന്നു മാസത്തേക്കു ബ്രെക്സിറ്റ് നീട്ടാനാണ് ജോൺസൻ ആവശ്യപ്പെട്ടത്. എന്നാൽ ബ്രെക്സിറ്റ് നീട്ടുന്നതിനോടു തനിക്കു വ്യക്തിപരമായി യോജിപ്പില്ലെന്നു ജോൺസൻ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്കിനെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജോൺസൻ അടിയന്തര കാബിനറ്റ് വിളിച്ച് ബ്രെക്സിറ്റ് പ്രതിസന്ധിയെക്കുറിച്ചു ചർച്ച ചെയ്തു. നേരത്തെ തെരഞ്ഞെടുപ്പ് എന്ന ആശയത്തിൽ കാബിനറ്റിൽ ഏകാഭിപ്രായമില്ലെന്നാണു സൂചന. ചൊവ്വാഴ്ച പാർലമെന്റ് ജോൺസന്റെ ബ്രെക്സിറ്റ് കരാർ തത്വത്തിൽ അംഗീകരിച്ചു. എന്നാൽ ചർച്ചയ്ക്കുള്ള സമയപരിധി ചുരുക്കണമെന്ന നിർദേശം തള്ളുകയും ചെയ്തു. ഈ മാസം 31ന് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് നേരത്തെ ജോൺസൻ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല