സ്വന്തം ലേഖകൻ: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസ്സുകാരന് കുഴല്‍ക്കിണറില്‍ കുടുങ്ങി. 18 മണിക്കൂറോളമായി കുട്ടി ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുഴല്‍ക്കിണറില്‍ 65 അടി ആഴത്തിലാണ് കുടുങ്ങിയിരിക്കുകയാണ്. സുജിത്ത് വില്‍സണ്‍ എന്ന കുട്ടിയാണ് കുഴല്‍ ക്കിണറില് വീണത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.
കുട്ടിയെ രക്ഷിക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ദുരന്തപ്രതികരണസേനയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുഴല്‍ക്കിണറിന് സമീപം കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കുട്ടിക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആഹാരമോ വെള്ളമോ ഇല്ലാതെ കഴിയുന്നത് കുഞ്ഞിന്റെ ജീവന് ഭീഷണിയാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
കുഴല്‍ക്കിണറിന് 600 മുതല്‍ 1000 അടിവരെ ആഴമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ആദ്യം 26 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങിയത്. കയറുപയോഗിച്ച് കുട്ടിയുടെ കയ്യില്‍ കുരുക്കിടാന്‍ ശ്രമിച്ചെങ്കിലും അവസാന നിമിഷം ശ്രമം പാളിപ്പോകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടി കുഴല്‍ കിണറിലേക്ക് കാല് വഴുതി വീണത്. മൂന്ന് ദിവസമായി ശുചീകരണത്തിനായി കുഴല്‍ കിണര്‍ തുറന്നു വെച്ചിരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല