
സ്വന്തം ലേഖകൻ: സൗദിയില്‍ വിദേശികൾക്ക് ദീർഘകാല താമസസൌകര്യവും ആനൂകൂല്യങ്ങളും നൽകുന്ന പ്രിവിലേജ് ഇഖാമ വിതരണം അടുത്തമാസം ആരംഭിച്ചേക്കും. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര് ഇതിനോടകം തന്നെ അപേക്ഷകൾ നല്‍കിയിട്ടുണ്ട്. പദ്ധതി വഴി രാജ്യത്ത് പതിനായിരം കോടി റിയാലിന്റെ വിദേശ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നവംബർ പകുതിയോടെ പ്രിവിലേജ് ഇഖാമയുടെ ആദ്യ ബാച്ച് വിതരണം ചെയ്തേക്കുമെന്നാണ് സൂചന.
ഇക്കഴിഞ്ഞ ജൂണ്‍ 23 മുതലാണ് പ്രിവിലേജ് ഇഖാമക്കുളള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. അതിന് ശേഷം ആയിരക്കണക്കിന് അപേക്ഷകളാണ് ഇത് വരെ ലഭിച്ചതെന്ന് പ്രീമിയം റസിഡന്‍സി സെന്റര്‍ സി.ഇ.ഒ ബന്ദര്‍ സുലൈമാന്‍ അല്‍ ആഈദ് പറഞ്ഞു. ദീര്‍ഘകാല താമസത്തിന് എട്ട് ലക്ഷം സൗദി റിയാലും, ഹ്രസ്വകാല താമസത്തിന് വര്‍ഷം തോറും ഒരു ലക്ഷം റിയാൽ വീതവുമാണ് ഇതിന് ഫീസ് ഈടാക്കുന്നത്. 21 വയസ്സ് പൂർത്തിയായ, കാലവധിയുള്ള പാസ്സ് പോർട്ട് ഉടമകൾക്ക് പ്രിവിലേജ് ഇഖാമക്ക് ഓണ്‍ ലൈനായി അപേക്ഷിക്കാം.
അപേക്ഷകർ ഗുരുത ആരോഗ്യ പ്രശ്നങ്ങളുള്ളവരോ, ക്രിമിനൽ കേസുകളിലെ പ്രതിപട്ടികയിലുള്ളവരോ ആകാൻ പാടില്ല. താമസ, വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്ക് സ്വന്തം പേരിൽ സ്വത്തുക്കളും വാഹനങ്ങളും വാങ്ങുന്നതിനും, കുടുംബത്തേയും ബന്ധുക്കുളേയും വീട്ടുജോലിക്കാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും ഇവർക്ക് അനുമതിയുണ്ട്. കൂടാതെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുക, ബിസിനസ്സ് നടത്തുക, റിയൽ എസ്റ്റേറ്റ് രംഗത്ത് പങ്കാളികളാവുക തുടങ്ങി നിരവധി ആനുകൂല്യങ്ങൾക്ക് ഇവർക്ക് അർഹതയുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല