സ്വന്തം ലേഖകൻ: ചിലിയിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറാ മന്ത്രിസഭയിലെ അംഗങ്ങളെ മുഴുവൻ പുറത്താക്കി. പുതിയ സർക്കാർ രൂപീകരിക്കുന്നതിനായാണു നീക്കം. എന്തു തരത്തിലുള്ള മന്ത്രിസഭാ പുനഃസംഘടനയാണു പിനേറാ ലക്ഷ്യമിടുന്നതെന്നു വ്യക്തമല്ല. സർക്കാരിനെതിരായ ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയാണ് നടപടി. ഒരാഴ്ചയിലേറെയായി തുടരുന്ന സംഘർഷത്തിൽ ഇതിനകം 19 പേരാണ് മരിച്ചത്.
സാന്പത്തികപരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറാ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ചിലിയിൽ തുടരുന്ന പ്രക്ഷോഭം അതിശക്തമാകുകയാണ്. തലസ്ഥാനമായ സാന്റിയാഗോയിൽ കഴിഞ്ഞദിവസം നടന്ന പ്രക്ഷോഭത്തിൽ ലക്ഷക്കണക്കിനുപേരാണു പങ്കെടുത്തത്.
ദേശീയപതാകയുമായി അണിനിരന്ന പ്രക്ഷോഭകർ 1973-90 കാലത്ത് അഗസ്റ്റോ പിനാഷേ ഭരണകൂടത്തിനെതിരേ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞ് തെരുവിലിലേക്കിറങ്ങുകയായിരുന്നു. ചരിത്രപ്രധാനമായ ദിവസമാണ് ഇതെന്നായിരുന്നു പ്രക്ഷോഭത്തെക്കുറിച്ച് സാന്റിയാഗോ ഗവർണർ കാലാ റബ്ലർ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. 20,000 ത്തോളം പോലീസുകാരെയാണ് പ്രക്ഷോഭകരെ നേരിടാൻ സർക്കാർ വിന്യസിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല