സ്വന്തം ലേഖകൻ: ലണ്ടനിലെത്തിയ കണ്ടെയ്നർ ട്രക്കിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളിൽ 20 എണ്ണം വിയറ്റ്നാം പൗരന്മാരുടേതാണെന്നു സംശയം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ബ്രിട്ടനിലെ സാമൂഹ്യപ്രവർത്തനസംഘടനയുമാണ് ഈ സംശയം ഉന്നയിച്ചത്. 20 പേരുടെ ചിത്രങ്ങളും സാമൂഹ്യപ്രവർത്തകർ പുറത്തുവിട്ടു. ലണ്ടനു സമീപം എസക്സിൽ ലോറിയിൽ ഘടിപ്പിച്ച ശീതീകരിച്ച ഷിപ്പിംഗ് കണ്ടെയ്നറിലാണ് 31 പുരുഷന്മാരുടേയും എട്ട് സ്ത്രീകളുടേയും മൃതദേഹങ്ങൾ കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയത്. കൊല്ലപ്പെട്ടതു ചൈനീസ് കുടിയേറ്റക്കാരനാണെന്നായിരുന്നു പ്രാഥമിക നിഗമനം.
സംഭവത്തിൽ നാലുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അതേസമയം ദുരന്തത്തിൽ പങ്കില്ലെന്ന് അറസ്റ്റിലായവരിൽ ഒരാളായ ലോറി ഉടമ അവകാശപ്പെട്ടു. മൃതദേഹങ്ങൾ കണ്ടെത്തിയ ലോറി ബൾഗേറിയയിലെ വാർണയിൽ ഒരു എെറിഷ് പൗരന്റെ കന്പനിയുടെ പേരിൽ 2017ൽ രജിസ്റ്റർ ചെയ്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.രേഖകളൊന്നുമില്ലാതെ ആളുകളെ യുകെയിലെത്തിക്കുന്ന മനുഷ്യക്കടത്തുകാരെക്കുറിച്ചുള്ള അന്വേഷണം സംഭവത്തോടെ ശക്തമായിരിക്കുകയാണ്.
വ്യാജ ചൈനീസ് പാസ്പോർട്ട് ഉപയോഗിച്ച് കുടിയേറ്റത്തിനു ശ്രമിച്ച തങ്ങളുടെ ബന്ധുക്കളാണ് അപകടത്തിൽപ്പെട്ടതെന്ന് വിയറ്റ്നാമിലെ നാഹെ ആയിലെ ഏതാനുംപേർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ തങ്ങളുടെ ഉറ്റബന്ധുക്കളും ഉണ്ടെന്ന് തെളിവുകൾ സഹിതം ഇവർ സമർഥിക്കുന്നു. വിയറ്റ്നാമിൽ നിന്ന് കാണാതായ 15 നും 45 നും ഇടയിൽ പ്രായമുള്ള 20 പേരുടെ ഫോട്ടോകൾ ലഭിച്ചതായി ബ്രിട്ടനിലെ ഒരു സാമൂഹ്യസംഘടനയും പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹങ്ങൾ ചൈനക്കാരുടേതാണെന്ന് ബ്രിട്ടീഷ് പോലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ബ്രിട്ടനിലെ ചൈനീസ് എംബസി ഉഗ്യോഗസ്ഥർ പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിനു വേണ്ടി ചൈനീസ് എംബസി ഉദ്യോഗസ്ഥൻ ദോംഗ് സുജൂണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല