സ്വന്തം ലേഖകൻ: വിജയ് ചിത്രത്തില്‍ വില്ലനായെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. വിജയ്‌ക്കൊപ്പമുള്ള ആദ്യചിത്രത്തില്‍തന്നെ സംഘട്ടനരംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി കോമ്പിനേഷന്‍സീനുകളില്‍ വിജയന്‍ അഭിനയിച്ചു. തൃശ്ശൂര്‍ ഗിരിജ തീയേറ്ററില്‍ കുടുംബസമേതം ‘ബിഗില്‍’ സിനിമ കാണാനെത്തിയ വിജയന് വിജയ് ഫാന്‍സ് തകര്‍പ്പന്‍ സ്വീകരണമാണ് നല്‍കിയത്. വിജയുടെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടുന്ന രംഗം ഏറെ പ്രയാസപ്പെട്ടാണ് ചിത്രീകരിച്ചതെന്ന് വിജയന്‍ പറയുന്നു.
‘ഞാനൊരു കട്ട വിജയ് ഫാനാണ്,ഫുട്ബോള്‍ ഇതിഹാസം മറഡോണക്കൊപ്പം പന്തുകളിക്കാനിറങ്ങുന്ന ആവേശത്തോടെയാണ് അഭിനയിക്കാന്‍ ചെന്നത്. വിജയുടെ സിനിമകളെല്ലാം ആര്‍പ്പുവിളികളോടെ കണ്ടിട്ടുള്ള എനിക്ക് അദ്ദേഹത്തിന്റെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടുകയെന്നത് പ്രയാസമുള്ള കാര്യമായിരുന്നു. സംവിധായന്‍ ആറ്റ്ലിയോട് ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍, ആറ്റ്‌ലിയാണ് വിഷയം വിജയുടെ ചെവിയിലെത്തിച്ചത്. ഉടന്‍തന്നെ വിജയ്‌സാര്‍ എഴുന്നേറ്റ് വന്ന് എന്റെ കൈപിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചില്‍ അമര്‍ത്തികൊണ്ട് ‘സാര്‍ ഇങ്കെ ഇങ്കെ ചവിട്ടുങ്കോ’യെന്ന പറയുകയായിരുന്നു. സെറ്റില്‍ കൂടെ അഭിനയിക്കുന്നവരില്‍ ആത്മവിശ്വാസം നിറക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു’
വനിതാ ഫുട്‌ബോള്‍ പ്രമേയമായുള്ള സ്‌പോര്‍ട് ചിത്രമാണ് ബിഗില്‍. ചിത്രീകരണത്തിന്റെ ഇടവേളകളില്ലെല്ലാം പന്തുകളിയെകുറിച്ചാണ് വിജയ് അന്വേഷിച്ചിരുന്നതെന്ന് വിജയന്‍ പറഞ്ഞു.കുടുംബത്തോടൊപ്പം സെറ്റിലെത്തിയപ്പോള്‍ ഭാര്യയോടും മകളോടും അദ്ദേഹം വിശേഷങ്ങള്‍ തിരക്കിയെന്നും മക്കളെ കൂടെ ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തതായും വിജയന്‍ കൂട്ടിച്ചേര്‍ത്തു. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. കതിര്‍,ജാക്കിഷ്റോഫ്,വിവേക്,യോഗിബാബു തുടങ്ങിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല