സ്വന്തം ലേഖകൻ: നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 ന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ് പുറത്തു വിട്ടത്. ചിരിയും ചിന്തയും ഉണര്‍ത്തുന്ന ട്രെയിലറില്‍ വീട്ടുജോലിക്കെത്തിയ റോബോട്ടും, അച്ഛനും മകനുമായി സൂരജ് വെഞ്ഞാറമൂടും സൗബിന് ഷാഹിറുമാണെത്തുന്നത്. കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ഇവരോടൊപ്പം ചിത്രത്തിലുണ്ട്. മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മാണം
പ്രായമായ അച്ഛനും മകനും തമ്മിലുള്ള ഇണക്കവും പിണക്കവും, അവരുടെ ദൈനം ദിന ജീവിതത്തിലെ പൊരുത്തക്കേടുകളും ശുദ്ധ നര്‍മത്തില്‍ ചാലിച്ചാണ് ട്രെയിലറില്‍ വരുന്നത്. വീട്ടുജോലിക്കായി അവരുടെ ഇടയിലേക്ക് വരുന്ന റോബോട്ടും അതിനെ ചുറ്റി പറ്റി അവരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളും ട്രെയിലറില്‍ വന്നു പോകുന്നു. ബന്ധങ്ങളിലെ ആന്തരികമായ വേലിയേറ്റങ്ങളെ വളരെ ശ്രദ്ധയോടെ കൊണ്ട് വരാന്‍ ശ്രമിക്കുന്ന ട്രെയിലര്‍, പ്രേക്ഷകരെ വരാന്‍ പോകുന്ന ദൃശ്യവിസ്മയത്തിന്റെ ഉള്കാഴ്ചകളിലേക്ക് കൊണ്ട് പോകുന്നുണ്ട്.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലും, കേരളത്തിലെ പയ്യന്നൂരിലുമാണ് ചിത്രീകരണം. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് നവംബറിലാണ് റിലീസിനൊരുങ്ങുന്നത്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ കുടുംബത്തെയും, ബന്ധങ്ങളെയും, സ്നേഹത്തെക്കുറിച്ചുമുള്ള അപൂര്‍വമായ കഥയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് പറയുന്നത്.
ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്. ബി കെ ഹരിനാരായണനും എ സി ശ്രീഹരിയും ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ ജയദേവന് ചക്കടാത് ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറാണ്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 ട്രെയിലർ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല