സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ മൂല്യമുള്ള സുഹൃത്ത് ‘ എന്നായിരുന്നു സൗദി അറേബ്യയേ വിശേഷിപ്പിച്ചത്. ഇന്ത്യ, സൗദി അറേബ്യയുമായി ആരംഭിക്കാനിരിക്കുന്ന വ്യാപാരക്കരാറുകള്‍ക്ക് മുന്നോടിയായുള്ള മോദിയുടെ സന്ദര്‍ശനം കൂടിയാണിത്.
നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഊർജ്ജ മേഖലകളിൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ രാജകീയ സ്വീകരണമാണ് ലഭിച്ചത്.
സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം വ്യവസായ പ്രമുഖരും ആറായിരം ചെറുകിട വന്‍കിട നിക്ഷേപകരും പങ്കെടുക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരുക്കുന്ന അത്താഴ വിരുന്നില്‍ സംബന്ധിച്ച ശേഷം രാത്രി തന്നെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കും.
“മൂല്യവത്തായ ഒരു ചങ്ങാതിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് സൗദി അറേബ്യയിലെത്തി. ഈ സന്ദർശന വേളയിൽ വിപുലമായ പ്രോഗ്രാമുകളിൽ പങ്കെടുക്കും,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഫോറം ആഗോള വ്യാപാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സാമ്പത്തീക വിദഗ്ദര്‍, ഗവൺമെന്റുകൾ, വ്യവസായ പ്രമുഖർ എന്നിവര്‍ എത്തിച്ചേരും. വരും ദശകങ്ങളിൽ ആഗോള നിക്ഷേപ മേഖല രൂപപ്പെടുത്തുന്ന പ്രവണതകളും അവസരങ്ങളും വെല്ലുവിളികളും ഈ ആഗോള നിക്ഷേപ സംഗമത്തില്‍ ചര്‍ച്ച ചെയ്യും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല