സ്വന്തം ലേഖകൻ: യുഎസ് സൈന്യം കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ മൃതദേഹം ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള ചടങ്ങുകൾക്കുശേഷം കടലിൽ മറവു ചെയ്തതായി സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനിടെയായിരുന്നു സംഭവമെന്നും ട്രംപ് സ്ഥിരീകരിച്ചു.
എവിടെയാണ് ബാഗ്ദാദിയുടെ അന്ത്യകർമങ്ങൾ നടത്തിയതെന്നോ, എത്ര സമയം നീണ്ടു നിന്നുവെന്നോ ഉദ്യോഗസ്ഥർ വ്യക്തമാക്കിയില്ല. വിമാനത്തിൽ നിന്ന് ബാഗ്ദാദിയുടെ ഭൗതിക ശരീരം കടലിൽ മറവു ചെയ്തതായി വിശ്വസിക്കുന്നതായി രണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു 2011 ൽ യുഎസ് സൈനിക നടപടിയിലുടെ കൊലപ്പെടുത്തിയ അൽഖായിദ തലവൻ ഒസാമ ബിൻ ലാദന്റെ മൃതദേഹവും കടലിൽ മറവു ചെയ്തെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചിരുന്നത്.
ബാഗ്ദാദിക്കു പിന്നാലെ, അദ്ദേഹത്തിന്റെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന ആളെയും വധിച്ചതായി സിറിയൻ സേനയുടെ നേതാവും മറ്റൊരു സിറിയൻ മനുഷ്യാവകാശ പ്രവർത്തകനും അറിയിച്ചു. അബു ഹസൻ അൽ മുജാഹിറാണ് കൊല്ലപ്പെട്ടത്. വടക്കൻ സിറിയയിൽ ഓയിൽ ടാങ്കർ ട്രക്കിന്റെ പിൻഭാഗത്ത് കള്ളക്കടത്ത് നടത്തുകയായിരുന്നു ഇയാളെന്നാണ് വിവരം. യുഎസ് വ്യോമാക്രമണത്തിലാണ് അൽ മുജാഹിർ കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കുന്നതായാണു സാക്ഷിമൊഴികൾ. സംഭവസ്ഥലത്ത് ആളുകളോട് സംസാരിച്ചതായി മനുഷ്യാവകാശ പ്രവർത്തകൻ ഹുസൈൻ നാസർ പറഞ്ഞു.
അമേരിക്കയുമായി സഹകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടിയ കുർദിഷ് നേതൃത്വത്തിലുള്ള സേനയുടെ തലവൻ മസ്ലൂം അബ്ദി ഇക്കാര്യം ട്വിറ്ററിൽ കുറിച്ചു. തന്റെ സൈന്യവും യുഎസും ഒന്നിച്ച് നടത്തിയ ആക്രമണത്തിൽ അൽ മുഹാജിർ ഞായറാഴ്ച കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം അൽ മുഹാജിർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല