1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2019

സ്വന്തം ലേഖകൻ: പടര്‍ന്നുപിടിച്ച കാട്ടുതീയില്‍പ്പെട്ട് ലോസ് ആഞ്ജലിസിലെ അതിസമ്പന്നര്‍ വസിക്കുന്ന മേഖലയിലെ നിരവധി വീടുകള്‍ കത്തിനശിച്ചു. തീ പടര്‍ന്നുപിടിച്ചതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് രാത്രിയില്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. ദശലക്ഷങ്ങള്‍ വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വന്നത്.

ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക താരങ്ങളുമടക്കം നിരവധി പ്രശസ്തര്‍ താമസിക്കുന്ന മേഖലയാണ് കിഴക്കന്‍ ലോസ് ആഞ്ജലിസിലെ ബ്രെന്റ് വുഡ്. പ്രശസ്ത ഹോളിവുഡ് നടന്‍മാരായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗ്ഗര്‍, ക്ലാര്‍ക്ക് ഗ്രെഗ്ഗ്, കുര്‍ട് ഷട്ടര്‍ തുടങ്ങിയവരും ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിസ് തുടങ്ങിയവരും രാത്രിയില്‍ പലായനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തുനിന്ന് പാതിരാത്രിയില്‍ ജീവനുംകൊണ്ട് ഓടേണ്ടിവന്നവരില്‍ താനും ഉള്‍പ്പെടുന്നതായി ഷ്വാര്‍സ്‌നെഗ്ഗര്‍ ട്വീറ്റ് ചെയ്തു. അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ ബ്രെന്റ് വുഡില്‍ നടക്കാനിരുന്ന ഷ്വാര്‍സ്‌നെഗ്ഗറുടെ പുതിയ ചിത്രം ‘ടെര്‍മിനേറ്റര്‍-ഡാര്‍ക്ക് ഫേറ്റ്’ന്റെ പ്രീമിയര്‍ മാറ്റിവെക്കേണ്ടിവന്നു. ഇതിനായി തയ്യാറാക്കിയ ഭക്ഷണവസ്തുക്കള്‍ അഗ്നിബാധ മൂലം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കാനായി സന്നദ്ധ സംഘടനകളെ ഏല്‍പ്പിച്ചതായി പാരാമൗണ്ട് പിക്‌ചേഴ്‌സ് വ്യക്തമാക്കി.

ലോസ് ആഞ്ജലിസിലെ കാടുകളില്‍ പടര്‍ന്നുപിടിച്ച തീ പതിനായിരക്കണക്കിന് പേരുടെ വീടുകളാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രിയില്‍ ആരംഭിച്ച കാട്ടുതീ വളരെ വേഗത്തിലാണ് പടര്‍ന്നുപിടിച്ചത്. ആയിരക്കണക്കിനു പേര്‍ വീടുപേക്ഷിച്ച് സുരക്ഷിത താവളങ്ങളിലേയ്ക്ക് മാറി. തീ കെടുത്താന്‍ ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങള്‍ തീവ്രശ്രമത്തിലാണ്. തീ പടരാനിടയുള്ള മേഖലയിലെ പതിനായിരത്തോളം വീടുകളും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നഗരത്തിലെമ്പാടും പുകയും ചാരവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖാവരണങ്ങള്‍ അണിഞ്ഞാണ് ജനങ്ങള്‍ പുറത്തിറങ്ങുന്നത്. നഗരത്തിന്റെ കിഴക്കന്‍ മേഖലയിലെ ജനത്തിരക്കേറിയ തെരുവുകളെല്ലാം ഏറെക്കുറെ ഒഴിഞ്ഞു കിടക്കുകയാണ്. നഗരത്തിലെ 25,000-ഓളം വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വൈദ്യുതിയില്ല. കടുത്ത പുകയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ താല്‍കാലികമായി അടച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.