സ്വന്തം ലേഖകൻ: ഭീകരതയ്ക്കെതിരേ യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യയും സൗദിയും തീരുമാനിച്ചു. ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ-സൗദും നടത്തിയ ചർച്ചയിൽ ധാരണയായി. കൃഷി, ഓയിൽ ആൻഡ് ഗ്യാസ്, സമുദ്രസുരക്ഷ, പാരന്പര്യേതര ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. സുപ്രധാന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ഇന്ത്യ – സൗദി തന്ത്രപ്രധാന സഖ്യസമിതി രൂപീകരണം സംബന്ധിച്ചതാണ് ഇന്നലെ ഒപ്പുവച്ച പ്രധാന കരാർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും സഹ അധ്യക്ഷരായുള്ള സമിതി സംയുക്ത പദ്ധതികളും മൂലധന നിക്ഷേപവും സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യും. ഇതിനു കീഴിൽ വിദേശകാര്യമന്ത്രിമാർ സഹ അധ്യക്ഷരായ ഒരു സമിതി രാഷ്ട്രീയ – നയതന്ത്ര വിഷയങ്ങളും വാണിജ്യമന്ത്രിമാരുടെ ഒരു സമിതി വാണിജ്യ – ഊർജ വിഷയങ്ങളും കൈകാര്യം ചെയ്യും.
ഇന്ത്യയുടെ ഇ- മൈഗ്രേറ്റും സൗദിയുടെ ഇ-തൗതീഖ് പോർട്ടലുകൾ സംയോജിപ്പിച്ച് സൗദിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ജോലിക്കാരുടെ പോക്ക് സുഗമമാക്കാനുള്ളതാണ് മറ്റൊരു കരാർ. സൗദിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) സംയുക്ത സംരംഭത്തിനു പെട്രോൾ പന്പുകൾ തുടങ്ങാനും കരാറായി. സൗദിയിലെ അൽ ജെറി ഗ്രൂപ്പുമായി ചേർന്നാണ് ഐഒസി പന്പുകൾ തുടങ്ങുക. ഇന്ത്യയുടെ റുപേ കാർഡ് സൗദിയിൽ ഉപയോഗിക്കാനും കരാറുണ്ടാക്കി.
സൗദി ആരാംകോയും അബുദാബി നാഷണൽ ഓയിൽ കന്പനിയും ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കന്പനികളും ചേർന്നു മഹാരാഷ്ട്രയിലെ റായ്ഗഡിൽ എണ്ണശുചീകരണ ശാല സ്ഥാപിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. ആരാംകോ ഇന്ത്യൻ കന്പനിയായ റിലയൻസിന്റെ പെട്രോ കെമിക്കൽ ബിസിനസിൽ മുതൽ മുടക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല