സ്വന്തം ലേഖകൻ: ഡിസംബറിൽ തെരഞ്ഞെടുപ്പു നടത്തണമെന്ന പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നിർദേശത്തെ എതിർത്തിരുന്ന ലേബർപാർട്ടി നേതാവ് ജെറമി കോർബിനു മനം മാറ്റം. കരാറില്ലാ ബ്രെക്സിറ്റ് ഉണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നതെന്ന് ലേബർ് നേതാവ് ജെറമി കോർബിൻ ചൂണ്ടിക്കാട്ടി.
നാളെ (ഒക്ടോബർ 31) ബ്രെക്സിറ്റ് നടപ്പാക്കുമെന്ന ജോൺസന്റെ പ്രഖ്യാപനം നടപ്പില്ലെന്ന് വ്യക്തമായിട്ടുണ്ട്. ജനുവരി 31 വരെ ബ്രെക്സിറ്റ് കാലാവധി നീട്ടി നൽകാമെന്ന് യൂറോപ്യൻ യൂണിയൻ കഴിഞ്ഞദിവസം ബ്രിട്ടനെ അറിയിച്ചു. ഇതോടെ അടുത്ത മൂന്നു മാസത്തേക്ക് കരാറില്ലാതെ ബ്രെക്സിറ്റ് ഉണ്ടാവില്ലെന്നു തീർച്ചയായി. ഇനി തെരഞ്ഞെടുപ്പിനു സമ്മതമാണെന്നും തങ്ങൾ ജയിക്കുമെന്നും കോർബിൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് വേണമെന്ന ജോൺസന്റെ ആവശ്യം പക്ഷേ നടപ്പാവാൻ ഇനിയും കടന്പകൾ കടക്കേണ്ടതുണ്ട്. വോട്ടിംഗ് പ്രായം കുറയ്ക്കണമെന്ന് എംപിമാർ നിർബന്ധം പിടിച്ചാൽ തെരഞ്ഞെടുപ്പു നിർദേശത്തിൽ നിന്നു പിന്മാറുമെന്നു ജോൺസൻ വ്യക്തമാക്കി. പതിനാറു വയസുകാർക്കും വോട്ട് അവകാശം നൽകണമെന്ന് കോർബിൻ വാദിക്കുന്നു. തെരഞ്ഞെടുപ്പു പ്രമേയം പാർലമെന്റ് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ ഡിസംബർ ഒന്പതിനു തെരഞ്ഞെടുപ്പു നടത്താമെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും അഭിപ്രായം ഉന്നയിച്ചിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല