സ്വന്തം ലേഖകൻ: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് യുഎസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടു. വടക്കു പടിഞ്ഞാറന്‍ സിറിയയിൽ ബാഗ്ദാദി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് യുഎസ് സൈനിക സംഘം നടന്നെത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇദ്‌ലിബ് പ്രവിശ്യയിലുള്ള ഈ കെട്ടിടത്തിലേക്ക് യുഎസ് സൈന്യത്തെ എത്തിച്ച ഹെലികോപ്ടറിന് നേരെ അജ്ഞാതര്‍ വെടിവെക്കുന്നതും ഹെലികോപ്റ്ററില്‍ നിന്ന് തിരിച്ച് വെടിയുതിര്‍ക്കുന്നതുമായ ദൃശ്യങ്ങളും യുഎസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡിന് ശേഷം കെട്ടിടവും കോമ്പൗണ്ടും സൈന്യം തകര്‍ത്തു. പിന്നീട് അവിടെ വലിയ ഗര്‍ത്തമായി കാണപ്പെട്ടുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡറായ ജനറല്‍ കെന്നത് മക്കന്‍സി പറഞ്ഞു.
സൈന്യം ഇരച്ചെത്തിയപ്പോള്‍ ബാഗ്ദാദി രക്ഷപ്പെടാനാവാതെ ഒരു തുരങ്കത്തിലൂടെ അലറിവിളിച്ച് കരഞ്ഞുകൊണ്ട് ഓടി, ദേഹത്ത് കെട്ടിവെച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചുവെന്നും ഇയാളുടെ രണ്ടു ഭാര്യമാരും മക്കളും കൊല്ലപ്പെട്ടതായും അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യം കെന്നത് മെക്കന്‍സിയും ആവര്‍ത്തിച്ചു.
ബാഗ്ദാദിക്കും രണ്ട് മക്കള്‍ക്കും പുറമെ പുറമെ ആ കോമ്പൗണ്ടിലുണ്ടായിരുന്ന നാല് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടെന്നും മെക്കന്‍സി കൂട്ടിച്ചേര്‍ത്തു. ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സ്ത്രീകള്‍ പെരുമാറിയത്. ഇവരും സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ചിരുന്നു. ഹെലികോപ്റ്ററില്‍ നിന്നുള്ള വെടിവെപ്പില്‍ കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന അജ്ഞാതരും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല