സ്വന്തം ലേഖകൻ: ഇമ്രാൻ ഖാൻ അധികാരത്തിലേറുന്നത് അഴിമതിക്കെതിരായ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെയാണ്. നീതിക്കായുള്ള പോരാട്ടം എന്നർഥം വരുന്ന തെഹ്രീക്ക് എ ഇൻസാഫ് എന്നാണ് ഇമ്രാന്റെ പാർട്ടിയുടെ പേര്. 2018ൽ നവാസ് ഷെരീഫിന്റെ കസേര തെറിപ്പിക്കാൻ ഇമ്രാന്റെ അഴിമതിവിരുദ്ധ സമരങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അന്ന് മുതൽക്കേ ഇമ്രാന്റെ ബദ്ധശത്രുവായി അറിയപ്പെടുന്ന ആളാണ് മൗലാനാ ഫസലുർ റഹ്മാൻ എന്ന മതനേതാവ്.
അക്കാലത്ത് ഇമ്രാൻ ഫസലുർ റഹ്മാനെ വിളിച്ചത് ‘മൗലാനാ ഡീസൽ’ എന്നായിരുന്നു. ഇന്ധന ബങ്കുകളുടെ ലൈസൻസിങ്ങിൽ മൗലാന നടത്തിയ അഴിമതികളായിരുന്നു ഇമ്രാൻ ആ വിളികൊണ്ട് സൂചിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. 2018-ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മൗലാനയുടെ മുത്താഹിദാ മജ്ലിസ്-എ-അമൽ (MMA) എന്ന പാർട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സ്വന്തം മണ്ഡലവും MMAയുടെ ശക്തികേന്ദ്രവുമായിരുന്ന ഖൈബർ പഖ്തൂൻവായിലെ ദേരാ ഇസ്മായിൽ ഖാനിൽ തെരഞ്ഞെടുപ്പിന് നിന്ന മൗലാന എട്ടുനിലയിൽ പൊട്ടി.
അത് അന്നത്തെ കഥ. ഇന്ന് മൗലാന പഴയ മൗലാനയല്ല. ഇമ്രാൻ ഖാൻ എന്ന പാകിസ്ഥാൻ പ്രധാനമന്ത്രിക്കെതിരായ ബഹുജന മുന്നേറ്റങ്ങളുടെ മുഖമാണ് ഇന്ന് മൗലാന ഫസലുർ റഹ്മാൻ. മൗലാന ഇമ്രാനെ സ്ഥാനഭ്രഷ്ടനാക്കാൻ വേണ്ടി നവംബർ ഒന്നിന് നടത്തിയ നടത്തിയ ‘ആസാദി’ മാർച്ചിൽ ഏകദേശം ഒരു ലക്ഷത്തോളം പേര് അണിനിരന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രധാനമന്ത്രിയെ താഴെയിറക്കണം എന്നതാണ് മൗലാനയുടെ ആഹ്വാനം.
മുസ്ലിം ലീഗ് നേതാവായ നവാസ് ഷെരീഫ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവായ ആസിഫ് അലി സർദാരി, എന്നിങ്ങനെ പാകിസ്ഥാനിൽ ഇന്നുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഇമ്രാനെ കെട്ടുകെട്ടിക്കാൻ പഴയ മൌലാന ഡീസലിന് പിന്നിൽ അണിനിർക്കുന്ന കാഴ്ചയാണ് പാക്കിസ്താനിൽ. ഇമ്രാൻ ഖാൻ നവാസ് ഷെരീഫിനെതിരായി നടത്തിയ വമ്പൻ റാലികളിൽ പങ്കെടുത്തതിനേക്കാൾ ആളുകൾ ആസാദി മാർച്ചിൽ അണിനിരന്നു എന്ന് ജിയോ ടിവി പാകിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല