സ്വന്തം ലേഖകൻ: സെന്‍ട്രല്‍ ലണ്ടനില്‍ ഒരു വീട് വില്ക്കണമെങ്കില്, അതിന്റെ നടപടി ക്രമങ്ങള്‍ പൂര്ത്തീകരിക്കാനെടുക്കുക 20 ആഴ്ചയെന്ന് (അഞ്ച് മാസം) റിപ്പോര്‍ട്ട്. ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഉപഭോക്താക്കളെ ഭയപ്പെടുത്തുന്നതാണു കാരണം. ഈ സമയം ദേശീയ ശരാശരിയായ 12 ആഴ്ചയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സൂപ്ലയില്‍ (Zoopla Ltd. show)നിന്നുള്ള ഡാറ്റയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
ബ്രെക്സിറ്റ് അനിശ്ചിതത്വം ചില മേഖലകളിലെ വിപണിയുടെ പ്രവര്‍ത്തനത്തെ മരവിപ്പിക്കുന്നതിനു കാരണമായിട്ടുണ്ടെന്നു സൂപ്ലയിലെ ഗവേഷണ ഡയറക്ടര്‍ റിച്ചാര്‍ഡ് ഡോണല്‍ പറഞ്ഞു. ലണ്ടന്‍ നഗരത്തിലെ ഹൃദയ ഭാഗത്തുള്ള പ്രോപ്പര്‍ട്ടികള്‍ വില്ക്കുമ്പോള് ഉടമ ചോദിക്കുന്ന വിലയേക്കാള്‍ 7.6 ശതമാനം വിലക്കിഴിവിലാണു കച്ചവടം നടക്കുന്നത്. 2014 വര്‍ഷം ലണ്ടനില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ സുവര്‍ണകാലമായിരുന്നു. ഈ കാലവുമായി സാമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴുള്ള സാഹചര്യം വലിയൊരു മാന്ദ്യത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്.
2014ല്‍ പല ആളുകളും വസ്തു വാങ്ങുമ്പോള്‍ വസ്തു വില്ക്കാന് പോകുന്ന ഉടമ ചോദിക്കുന്ന വിലയ്ക്ക് പ്രീമിയം തുക അടയ്ക്കുമായിരുന്നു. അത്രയ്ക്കും ഡിമാന്‍ഡായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം നേര് വിപരീതമായിരിക്കുകയാണ്. ഇംഗ്ലണ്ടിലുടനീളമുള്ള നഗരങ്ങളിലെ വില്‍പ്പനക്കാര്‍ ചോദിക്കുന്ന വിലയേക്കാള്‍ ശരാശരി 3.8% കുറഞ്ഞ ഓഫറുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ലണ്ടനില്‍ മാത്രമല്ല, ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗങ്ങളായ ബ്രിസ്റ്റോള്‍, സതാംപ്ടണ്, ബോര്‍ണ്‍മൗത്ത് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളുടെ വില്‍പ്പനയ്ക്കും കാലതാമസം നേരിടുകയാണ്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്സിറ്റ് പദ്ധതി നടപ്പാകുന്ന പക്ഷം യു.കെ സമ്പദ്വ്യവസ്ഥയ്ക്ക് അടുത്ത പത്തു വര്‍ഷത്തിനകം 70 ബില്യണ്‍ പൗണ്ട് എങ്കിലും നഷ്ടം സംഭവിക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോയാല്‍ 2020 കളുടെ അവസാനത്തോടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തില്‍ 4 % വരെ കുറവു വരാനാണു സാധ്യതയെന്നും ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഒരു പൗരന് ഇതുമൂലം പ്രതിവര്‍ഷം സംഭവിക്കുന്ന ശരാശരി നഷ്ടം 1,100 പൗണ്ട് ആയിരിക്കും. ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ പൊതു തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുകയാണ്. ഡിസംബര്‍ 12ന് പൊതു തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് ഐക്യകണ്ഠേന പാസാക്കിയിരുന്നു.മുന്‍ ധാരണ പ്രകാരം ഒക്ടോബര്‍ 31 ന് ബ്രെക്സിറ്റ് നടപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനുവരി 31 വരെ യൂറോപ്യന്‍ യൂണിയന് സമയം നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല