സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്താമത് യുക്മ ദേശീയ കലാമേള വിളിപ്പാടകലെ. ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാർസ് വുഡ് സ്കൂളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത “ശ്രീദേവി നഗറി”ൽ നവംബർ രണ്ട് ശനിയാഴ്ച കലാമേളയ്ക്ക് തിരിതെളിയും. പ്രസിദ്ധനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും കേരളത്തിലെ ശ്രദ്ധേയനായ ഭരണകർകർത്താക്കളിൽ ഒരാളുമായ കെ ജയകുമാർ ഐ എ എസ് (റിട്ട.) ആണ് ദേശീയ മേളയുടെ ഉദ്ഘാടകൻ.
കേരളത്തിലെ പ്രഗത്ഭനും വിവാദങ്ങൾക്ക് അതീതനുമായ ഐ എ എസ് ഉദ്യോഗസ്ഥൻ എന്നനിലയിൽ കെ ജയകുമാർ ഏറെ ശ്രദ്ധേയനാണ്. സംസ്ഥാന ചീഫ് സെക്രട്ടറി പദവിയിൽ ഇരിക്കെ ഉദ്യോഗത്തിൽനിന്നും വിരമിച്ച അദ്ദേഹം, ആഭ്യന്തര വകുപ്പ് അഡിഷണൽ സെക്രട്ടറി, ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡി, ടൂറിസം – വിദ്യാഭ്യാസ വകുപ്പുകളുടെ സെക്രട്ടറി തുടങ്ങിയ നിരവധി ഔദ്യോഗീക ചുമതലകൾ വഹിച്ചിട്ടുണ്ട്.
മലയാള സാംസ്ക്കാരിക ലോകം കെ ജയകുമാറിനെ ഓർക്കാൻ ആഗ്രഹിക്കുന്നത് ഒരുപിടി മനോഹര സിനിമാ ഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലാണ്. സമകാലീന ചലച്ചിത്ര ഗാന രചയിതാക്കളായിരുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി, ഒ എൻ വി കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവർക്കൊപ്പം തന്റേതായ പാതയിലൂടെ സഞ്ചരിച്ച അദ്ദേഹത്തിന്റെ വരികൾ ഗാംഭീര്യമാർന്ന സാഹിത്യ ഭംഗികൊണ്ട് സൗമ്യവും ദീപ്തവുമായി നിലനിൽക്കുന്നു.
കുടജാത്രിയിൽ കുടികൊള്ളും മഹേശ്വരി (നീലക്കടമ്പ്), സായന്തനം നിഴൽ വീശിയില്ല (ഒഴിവുകാലം), സൗപർണ്ണികാമൃത ഗീതികൾ പാടും (കിഴക്കുണരും പക്ഷി), ചന്ദനലേപ സുഗന്ധം (ഒരു വടക്കൻ വീരഗാഥ); അങ്ങനെ മലയാളി നെഞ്ചിലേറ്റിയ നൂറിലധികം സിനിമാ ഗാനങ്ങൾ അടർന്നുവീണ തൂലിക ചലിപ്പിച്ച മാന്ത്രിക വിരലുകളുമായി കെ ജയകുമാർ യുക്മയുടെ ദേശീയ കലാമേള വേദിയിലേക്കെത്തുന്നു. സരസ്വതീ കടാക്ഷം നിറഞ്ഞ അദ്ദേഹത്തിന്റെ സാന്നിധ്യം ദേശീയ കലാമേള വേദിയെ ധന്യമാക്കുമെന്നത് നിസ്തർക്കമാണ്.
നവംബർ രണ്ട് ശനിയാഴ്ച നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. തെന്നിന്ത്യയിൽനിന്നുമെത്തി, ഹിന്ദിയുടെ ഹൃദയം കീഴടക്കിയ അഭിനയ ചക്രവർത്തിനി, അന്തരിച്ച ശ്രീദേവിയുടെ സ്മരണക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് “ശ്രീദേവി നഗർ” എന്ന് നാമകരം നടത്തിയിരിക്കുന്ന മാഞ്ചസ്റ്റർ പാർസ് വുഡ് സെക്കണ്ടറി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലാണ് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്.
രാവിലെ പത്ത് മണിമുതൽ രാത്രി പത്തുമണിവരെ തുടർച്ചയായി നടക്കുന്ന ദേശീയമേള, റീജിയണൽ കലാമേള ജേതാക്കളായ ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന പ്രൗഢ ഗംഭീരവും വർണ്ണാഭവുമായ വേദികളായിരിക്കും. ഏവരെയും യുക്മ ദേശീയ കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല