സ്വന്തം ലേഖകൻ: വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യാനയില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തി. മുപ്പത്തിയാറുകാരിയായ ലോറ ഹേസ്റ്റിനെയാണ് എട്ടടിയോളം(2.4 മീറ്റര്‍) നീളമുള്ള പെരുമ്പാമ്പ് കഴുത്തില്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്. പാമ്പ് കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്ന് ശ്വാസതടസം കാരണമാണ് ലോറ മരിക്കാനിടയായതെന്ന് മൃതദേഹപരിശോധനയ്ക്ക് ശേഷം പോലീസ് അറിയിച്ചു.
വീട്ടില്‍ മരണത്തിനിടയാക്കിയ പെരുമ്പാമ്പുള്‍പ്പെടെ 140 പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 20 പാമ്പുകള്‍ ലോറയുടെ ഉടമസ്ഥാവകാശത്തിലുള്ളതാണ്. ലോറയ്ക്ക് പാമ്പുകളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നതായാണ് വിവരം. പാമ്പുകളെ പ്രത്യേകമായി പാര്‍പ്പിച്ചിരുന്ന വീട് ബെന്റണ് കൗണ്ടി ഷെരീഫ് ഡോണ്‍ മന്സന്റേതാണ്. ഇതിനടുത്ത് തന്നെ താമസിച്ചിരുന്ന മന്സനാണ് ലോറയുടെ അപകടവിവരം അധികൃതരെ അറിയിച്ചത്.
ആഴ്ചയില്‍ രണ്ടുതവണ പാമ്പുകളെ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ ലോറ സന്ദര്‍ശനം നടത്തുന്ന പതിവുണ്ടായിരുന്നു. ഇത്തരമൊരു സന്ദര്‍ശനത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് നല്കുന്ന വിവരം. പാമ്പുകളെ പാര്‍പ്പിക്കാനായി മാത്രം പ്രത്യേകമായി സൗകര്യപ്പെടുത്തിയതാണ് ഈ വീടെന്നും പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല