സ്വന്തം ലേഖകൻ: രജനീകാന്തിന് ആദരവുമായി ഗോവ രാജ്യാന്തര ചലച്ചിത്രമേള. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.. ഐഎഫ്എഫ്ഐ 2019 ൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം നൽകിയാണ് രജനികാന്തിനെ ആദരിക്കുക.
.ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ)യുടെ സുവർണ ജൂബിലി പതിപ്പാണ് ഇത്തവണ നടക്കുന്നത്. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേള വലിയ ആഘോഷങ്ങളോടെ നടത്താനാണ് സംഘാടകരുടെ തീരുമാനം. അക്കാദമി പ്രസിഡന്റ് ജോൺ ബെയ്ലിയും ഈ വർഷത്തെ മേളയിൽ പങ്കെടുക്കുന്നുണ്ട്. ചലച്ചിത്ര മേള ഡയറക്ടറേഴ്സും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗോവ എന്റർടെയിൻമെന്റ് സൊസൈറ്റിയും ചേർന്നാണ് ഐ എഫ് എഫ് ഐ സംഘടിപ്പിക്കുന്നത്.
കരൺ ജോഹർ, സിദ്ധാർത്ഥ് റോയ് കപൂർ, ഫിറോസ് അബ്ബാസ് ഖാൻ, സുഭാഷ് ഗായ് എന്നിവരാണ് ഐ എഫ് എഫ് ഐ സുവർണ ജൂബിലി പതിപ്പിന്റെ സ്റ്റിയറിംഗ് കമ്മറ്റിയിലെ അംഗങ്ങൾ.
ഡൽഹിയിൽ നടത്തികൊണ്ടിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള 2004 മുതലാണ് ഗോവയിൽ സംഘടിപ്പിക്കപ്പെടുന്നത്. അന്നത്തെ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നേതൃത്വത്തിൽ ആയിരുന്നു അത്. ഐഎഫ്എഫ്ഐയ്ക്ക് ഗോവൻ ചലച്ചിത്രമേള എന്ന പേരുവീഴുന്നതും ഇതിനു ശേഷമാണ്. മേളയുടെ സുവർണ ജൂബിലി ആഘോഷവേളയിൽ മനോഹർ പരീക്കറിന് ആദരം അർപ്പിക്കുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
മഹാത്മാഗാന്ധിയേയും 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ മേള അദ്ദേഹത്തെ അനുസ്മരിക്കുമെന്നും അനുബന്ധമായി രാഷ്ട്രപിതാവിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു എക്സിബിഷനും സംഘടിപ്പിക്കുമെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ മേളയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ അറിയിച്ചിരുന്നു. ഈ വർഷത്തെ മേളയുടെ അന്താരാഷ്ട്ര പങ്കാളികളാവാൻ താൽപ്പര്യം പ്രകടിപ്പിച്ച റഷ്യയിൽ നിന്നും ഒരു വലിയ സംഘം ഇതിനായി ഗോവയിൽ എത്തുമെന്ന് പ്രതീക്ഷിക്കുമെന്നും ജാവദേക്കർ അറിയിച്ചു.
വിപുലമായ രീതിയിൽ മേള നടത്തുന്നതിന്റെ ഭാഗമായി, ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയും മേളയുടെ സംഘാടനത്തിന്റെ ഭാഗമാക്കാനാണ് സംഘാടകരുടെ തീരുമാനം. കൂടുതൽ സ്ക്രീനുകളും ഈ വർഷം സജ്ജീകരിക്കും. ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയം, കലാ അക്കാദമി, ഇഎസ്ജി കോംപ്ലക്സ് എന്നിവിടങ്ങളിലായിട്ടാണ് മേള സംഘടിപ്പിക്കപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല