സ്വന്തം ലേഖകൻ: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറില്‍ നിലവിലെ അവസ്ഥയില്‍ ഒപ്പുവയ്ക്കില്ലെന്ന് ഇന്നലെയാണ് ഇന്ത്യ വ്യക്തമാക്കിയത്. സുപ്രധാന പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാകുന്നതുവരെ ഈ വന്‍ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ചൈനയുമായുള്ള വ്യാപാരത്തിലെ അന്തരം പരിഹരിക്കുന്നതു സംബന്ധിച്ച ചര്‍ച്ച തൃപ്തികരല്ലാത്തതാണ് കരാര്‍ ഒപ്പിടുന്നതില്‍നിന്ന് ഇന്ത്യ മാറിനില്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് നിലവില്‍ അഞ്ചുകോടി ഡോളറിന്റെ കുറവുണ്ട്. അതേസമയം, ആര്‍സിഇപിയില്‍ അംഗങ്ങളായ
ഇന്ത്യ ഒഴികെയുള്ള മറ്റു 15 രാജ്യങ്ങള്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി 2020ല്‍ കരാറില്‍ ഒപ്പിടാന്‍ തയാറാണെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.
6 രാജ്യങ്ങള്‍ ചേര്‍ന്നുള്ള വ്യാപാര പങ്കാളിത്തമാണു മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തം അഥവാ ആര്‍സിഇപി. ബ്രൂണെ, കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മര്, ഫിലിപ്പൈന്‍സ്, സിംഗപ്പുര്‍, തായ്ലാന്ഡ്, വിയറ്റ്നാം എന്നീ 10 ആസിയാന്‍ (തെക്കുകിഴക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മ) മറ്റ് ആറു രാജ്യങ്ങളും ചേര്‍ന്നതാണ് ആര്‍സിഇപി. ഇന്ത്യയെക്കൂടാതെ ചൈന, ജപ്പാന്, കൊറിയ,ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയാണ് ഈ ആറ് രാജ്യങ്ങള്‍.
16 രാജ്യങ്ങളിലുടനീളം സംയോജിത വിപണി സൃഷ്ടിക്കുകയാണ് ആര്‍സിഇപി കരാറിന്റെ ലക്ഷ്യം. കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ കൂട്ടായ്മയിലെ ഓരോ രാജ്യത്തിന്റെയും ഉത്പന്നങ്ങളും സേവനങ്ങളും മേഖലയിലുടനീളം ലഭ്യമാകുന്നത് എളുപ്പമാക്കും.
ഇതുവരെയുള്ള പ്രാദേശിക വ്യാപാരക്കരാറുകളില്‍ ഏറ്റവും വലുതാണ് ആര്‍സിഇപി. ലോകജനസംഖ്യയുടെ പകുതിയോളം ആര്‍സിഇപിയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍നിന്നാണ്. ലോകത്തെ കയറ്റുമതിയുടെ നാലിലൊന്നും ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തി(ജിഡിപി)ന്റെ 30 ശതമാനവും ഈ രാജ്യങ്ങളുടെ സംഭാവനയാണ്. കരാറിന് അന്തിമ രൂപം നല്‍കുന്നതിന് അംഗരാജ്യങ്ങള്‍ തമ്മില്‍ 2013 മുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ വര്‍ഷം നവംബറോടെ കരാറിനു അന്തിമരൂപം നല്‍കുകയായിരുന്നു ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല