സ്വന്തം ലേഖകൻ: ഇന്ത്യയിലെ മികച്ച നടന്മാര് ആരൊക്കയാണ് എന്ന് ചോദിച്ചാല്‍ ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണെന്ന് താന്‍ പറയുമെന്ന് കമല്‍ ഹാസന്. തന്റെ അറുപത്തിയഞ്ചാം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്. കമലിന്റെ സ്വദേശമായ പരമകുടിയിലായിരുന്നു ആഘോഷം. സഹോദരന് ചാരുഹാസന്, സുഹാസിനി, മക്കളായ ശ്രുതി ഹാസന്, അക്ഷര ഹാസന് തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
വീട്ടിലെ ആഘോഷത്തിനുശേഷം നടന്ന പൊതുചടങ്ങില്‍ സ്വാതന്ത്ര്യസമരസേനാനി കൂടിയായ പിതാവ് ശ്രീനിവാസന്റെ പ്രതിമ കമല്‍ അനാച്ഛാദനംചെയ്തു. അതിന് ശേഷം സംസാരിക്കുകയായിരുന്നു കമല്‍. കമലിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ മികച്ച അഭിനേതാവ് ആരാണെന്ന് ചോദിച്ചപ്പോള്‍, ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവര്‍ മികച്ച നടന്മാരാണെന്നും മൂവരും തനിക്കേറെ പ്രിയപ്പെട്ടവരാണെന്നും കമല്‍ പ്രതികരിച്ചു.
സിനിമ മാത്രമല്ല തന്റെ രാഷ്ട്രീയ കാഴ്ചപ്പാടും കമല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. മറ്റെവിടെയും പോകാനില്ലാതെ രാഷ്ട്രീയത്തിലെത്തിയ വ്യക്തിയല്ല താനെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ഒരു സ്വതന്ത്ര്യസമരത്തിന്റെ ആവശ്യം നമ്മുടെ രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മ രാജ്യത്തെ പ്രധാനപ്രശ്നമാണ്. സര്‍വകലാശാലകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനാകില്ല. നമ്മുടെ ഭാഗത്തുനിന്നും പ്രയത്നമുണ്ടാകണം. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ നൈപുണ്യവികസന പരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല