
സ്വന്തം ലേഖകൻ: ഒമാനിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവർ മതിയായ രേഖകൾ കൈവശം വെക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സ തേടിയ ആശുപത്രിയിൽ നിന്നുള്ള ആറ് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത മെഡിക്കൽ റിപ്പോർട്ടുകൾ കൂടെ കരുതണം.
മെഡിക്കൽ റിപ്പോർട്ടിൽ രോഗിയെയും മരുന്നിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. മെഡിക്കൽ റിപ്പോർട്ടിന്റെ ഭാഗമായി രോഗിയുടെ ആറ് മാസത്തിൽ കൂടുതൽ കാലപഴക്കമില്ലാത്ത ഡോക്ടറുടെ കുറിപ്പടിയും വേണം. കുറിപ്പടിയിൽ രോഗിയുടെ പേര് വയസ് അടക്കമുള്ള വിവരങ്ങളും ഡോക്ടറുടെ ഒപ്പും പേരും മറ്റ് വിവരങ്ങളും അടങ്ങിയ സീലും നിർബന്ധമാണ്.
പാസ്പോർട്ട് കോപ്പി, തിരിച്ചറിയൽ കാർഡ് കോപ്പി എന്നിവയുടെ അംഗീകാരത്തിൽ ഒരുമാസക്കാലത്തെ മരുന്ന് മാത്രമാണ് കൊണ്ട് വരാൻ കഴിയുക. ഇത് തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമായിരിക്കും. ഇതിൽ കൂടുതൽ അളവിൽ മരുന്നുകൾ കൊണ്ട് വരണമെങ്കിൽ ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ഈ മരുന്നുകൾ വീണ്ടും ആവശ്യമാണെന്ന് അംഗീകാരം നേടിയിരിക്കണം.
കുറിപ്പടിയിൽ എഴുതിയ മരുന്നുകളോ സമാനമായ മറ്റ് കമ്പനികളുടെ മരുന്നുകളോ മാത്രമാണ് ദീർഘകാലത്തേക്ക് കൊണ്ടുവരാൻ കഴിയുക. രോഗിയുടെ ബന്ധുക്കളാണ് മരുന്ന് കൊണ്ട് വരണമെങ്കിൽ രോഗിയുടെ തിരിച്ചറിയൽ കാർഡ് കോപ്പിയും ചുമതലപ്പെടുത്തികൊണ്ടുള്ള കത്തും നൽകിയിരിക്കണം. ഒമാനിൽ സന്ദർശനം നടത്തുന്നവർക്കും ഈ നിയമങ്ങളെല്ലാം ബാധകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല