ചെന്നൈ: ശക്തമായ ലോക്പാല്‍ബില്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്റ്റൈല്‍ മന്നന് രജനീകാന്ത് രംഗത്തെത്തി. ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് താരം പിന്തുണ വ്യക്തമാക്കിയത്. രക്തരഹിത വിപ്ലവത്തിന് പിന്തുണ നല്കുന്ന രാജ്യത്തെ ജനങ്ങളെ പിന്തുണയ്ക്കുന്നതായും രജനി വ്യക്തമാക്കി.
അഴിമതിക്കെതിരായ നീക്കത്തില്‍ അര്‍പ്പിത മനോഭാവമുള്ള ഉത്തമനേതാവായ ഹസാരെയെ നമുക്ക് ലഭിച്ചതില്‍ സന്തോഷമുണ്ട്-രജനി പറഞ്ഞു. സത്യാഗ്രഹത്തിന്റെ ജന്മദേശമായതിനാലാണ് ഇത്തരം സമാധാനപരമായ മുന്നേറ്റത്തിന് ഇന്ത്യയ്ക്കാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അസുഖബാധയെത്തുടര്‍ന്ന് കുറച്ചുനാളായി അദ്ദേഹം വിശ്രമത്തിലായിരുന്നു. കെ.എസ് രവികുമാറിന്റെ റാണ എന്ന ബിഗ്ബജറ്റ് എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച ദിവസമാണ് അദ്ദേഹം രോഗബാധിതനാകുന്നത്. സിംഗപ്പൂരില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. രജനിയുടെ ആരോഗ്യത്തിനായി രാജ്യമൊട്ടാകെ വഴിപാടുകളും നേര്‍ച്ചകളും നടത്തിയിരുന്നു. രണ്ടുമാസത്തെ വിശ്രമത്തിനുശേഷം സിനിമാരംഗത്ത് വീണ്ടും സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഉലകനായകന് കമല്ഹാസന് രംഗത്തെത്തിയിരുന്നു. തെന്നിന്ത്യയില്‍ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ആദ്യത്തെ സിനിമാതാരമാണ് കമല്ഹാസന്. ഇതിനിടെ നിരാഹാര സമരം നടത്തുന്ന ഹസാരെയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തമിഴ് ചലച്ചിത്രതാരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും നടത്തിയ ഉപവാസത്തില്‍ ഇരുന്നോറോളം പേര് പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല