സ്വന്തം ലേഖകൻ: വിദേശ അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസ (ആമില്‍ വിസ) നിര്‍ത്തലാക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക ഇന്ത്യക്കാരെ. സൗദിയിലെ വിദേശത്തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. എന്നാല്‍ ആമിലിനൊപ്പം ഒരു തൊഴില്‍ മേഖല കൂടി ഇഖാമയില്‍ ചേര്‍ത്തവര്‍ക്കു പ്രശ്നങ്ങളുണ്ടാവാനിടയില്ലെന്നാണു സൂചന.
നിയമം പ്രാബല്യത്തിലായാല്‍ ആമില്‍ പ്രൊഫഷന് മാറ്റാന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച നിബന്ധനകള്‍ വരുന്നതിനു മുന്‍പ് തന്നെ പ്രൊഫഷന് മാറ്റുന്നതു ഗുണകരമാവും. പുതിയ നിബന്ധനകള്‍ വരുന്നതിനു മുന്‍പ് ഇഖാമ പുതുക്കുന്നവര്‍ക്കു പെട്ടെന്നു യോഗ്യതാ പരീക്ഷയ്ക്കു ഹാജരാവേണ്ടി വരില്ല. ഇവര്‍ പിന്നീട് ഇഖാമ പുതുക്കുമ്പോള്‍ പരീക്ഷയ്ക്കു ഹാജരായാല്‍ മതിയാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാനുദ്ദേശിച്ചാണു പ്രൊഫഷന് വ്യക്തമായി രേഖപ്പെടുത്താത്ത തൊഴില്‍ വിസ പൂര്‍ണമായി നിര്‍ത്തലാക്കാനുള്ള സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ആമില്‍ വിസയില്‍ നിലവിലുള്ളവര്‍ക്ക് ഇപ്പോള്‍ ചെയ്യുന്ന ജോലിക്കനുസരിച്ച് പ്രൊഫഷന് മാറാന്‍ അവസരമുണ്ടാകും. ഇതിനായി യോഗ്യതാ പരീക്ഷ വിജയിക്കണം. പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കും യോഗ്യതാ പരീക്ഷ നടത്തും.
തൊഴില്‍രംഗത്ത് ഗുണമേന്മ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന യോഗ്യതാ പരീക്ഷ അടുത്തമാസം പ്രാബല്യത്തില്‍ വരും. ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കിടയിലാണു പദ്ധതി ആദ്യം നടപ്പാക്കുക. അവരവരുടെ തൊഴിലിനനുസരിച്ചായിരിക്കും പരീക്ഷയെഴുതേണ്ടത്. നിലവില്‍ തൊഴില്‍ വിപണിയിലുള്ള 2878 പ്രൊഫഷനുകള്‍ പുതിയ നടപടിയിലൂടെ 259 ആയി കുറക്കയ്ക്കാനാണു തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം.
ഇന്ത്യയ്ക്കു പിന്നാലെ പാക്കിസ്ഥാന്, ബംഗ്ളാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യോഗ്യതാ പരീക്ഷ നടത്തും. സൗദിയിലെ വിദേശ തൊഴിലാളികളില്‍ 95 ശതമാനവും ഈ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. സൗദിയില്‍ 450 മുതല്‍ 600 വരെ റിയാലുമായിരിക്കും പരീക്ഷാ ഫീസ്. പരീക്ഷ പാസാകുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റാണ് അനുവദിക്കുക.
ഡിസംബറില്‍ പ്ലംമ്പര്‍, ഇലക്ട്രീഷ്യന് വിഭാഗത്തിലാണ് ആദ്യ യോഗ്യതാ പരീക്ഷ. റഫ്രിജറേഷന്‍, എസി ടെക്നീഷ്യന്, കാര്‍ ഇലക്ട്രീഷ്യന്, മെക്കാനിക്ക് എന്നിവര്‍ക്ക് അടുത്ത വര്‍ഷം ഏപ്രിലിലാണു പരീക്ഷ. കാര്‍പ്പെന്ററി, വെല്‍ഡിങ്, ഇരുമ്പ് പണി, ആഭരണ നിര്‍മാണം എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കു ജൂലൈയിലും കല്‍പ്പണി, പെയിന്റിങ്, ടൈല്‍ പണി മേഖലയിലുള്ളവര്‍ക്ക് ഒക്ടോബറിലും പരീക്ഷ നടത്തും. 2021 ജനുവരിയിലാണു നിര്‍മാണ, സാങ്കേതിക മേഖലകളിലുള്ളവരുടെ പരീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല