സ്വന്തം ലേഖകൻ: റെക്കോര്‍ഡ് നേട്ടവുമായി ജോക്കര്‍ സിനിമ ബോക്സോഫിസില്‍ കുതിക്കുകയാണ്. 100 കോടി ഡോളര്‍ ഇതിനോടകം ചിത്രം സ്വന്തമാക്കി. ജോക്കര്‍ എന്ന കഥാപാത്രം അദ്യമായി പ്രത്യക്ഷപ്പെട്ട ഡാര്‍ക് നൈറ്റ്സിന്റെ കളക്ഷന്‍ മറികടന്നാണ് ജോക്കര്‍ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്.
ഫോബ്സ് മാഗസിന്റെ കണക്ക് പ്രകാരം നൂറ് കോടി ഡോളര്‍ കളക്ഷന്‍ ലഭിക്കുന്ന ആദ്യ ‘ആര്’ റേറ്റിംഗ് ചിത്രമാണ് ജോക്കര്‍. മോശം സിനിമയ്ക്ക് നിരൂപകര്‍ നല്കുന്ന Rotten Tomatoes റേറ്റിംഗ് ലഭിച്ച ചിത്രമാണ് ജോക്കര്‍. റേറ്റിംഗ് നല്കിയ 69 ശതമാനത്തിലധികം ആളുകള്‍ ‘ആര്’ റേറ്റിംഗ് ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ടൊറൊന്റൊ, വെനീസ് ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്കാരങ്ങള്‍ നേടിയ ആദ്യ കോമിക് ചിത്രം കൂടിയാണ് ഡി.സി നിര്‍മ്മിച്ച ജോക്കര്‍.
നേരത്തെ ചിത്രമിറങ്ങിയ ഉടനെ ചില പ്രേക്ഷകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. വയലന്സിന്റെയും, മാനസിക പിരിമുറുക്കത്തിന്റെയും അതി പ്രസരമുള്ള സിനിമ മാനസികമായി ഏറെ ബാധിച്ചെന്നും സിനിമ മുഴുവന്‍ കാണാതെ തിയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറഞ്ഞത്.
ഇതിനോടൊപ്പം തന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന പലയിടങ്ങളിലും സുരക്ഷാ പ്രശ്നങ്ങളാല്‍ പ്രദര്‍ശനം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്താണ് ജോക്കര്‍ സ്വപ്നതുല്ല്യമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരാധകരോട് അഭ്യര്‍ത്ഥനയുമായി നായകന് ജാക്വിന്‍ ഫീനിക്സ് രംഗത്ത് എത്തിയിരുന്നു.
ആറ് കോടി ഡോളര്‍ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്. നേരത്തെ ചിത്രം 50 കോടി ഡോളര്‍ നേടുമെന്നായിരുന്നു നിര്‍മാതാക്കളുടെ കണക്കുകൂട്ടല്‍ എന്നാല്‍ എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് ജോക്കര്‍ കുതിക്കുന്നത്. ടോഡ് ഫിലിപ്സാണ് പുതിയ ചിത്രത്തിന്റെ സംവിധാനം. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ, തോറ്റുപോയ കൊമേഡിയന്‍ ആര്‍തര്‍ ഫ്ലെക്സ് പിന്നീട് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കര്‍ ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല