ജീവസാന്നിധ്യത്തിന്റെ പുതിയ തിരുത്തിക്കുറിക്കലുകളുമായി ലോകത്തിന്റെ പല ഭാഗത്തുനിന്നും ഫോസിലുകള്‍ കണ്ടെത്താറുണ്ട്, ചരിത്രകാരന്മാര്. ഓരോ തിരുത്തലിനേയും അംഗീകരിച്ചും ചിലപ്പോള്‍ വിയോജിച്ചും കാലത്തിന്റെ ഭൂതകാലത്തെ രേഖപ്പെടുത്തുന്നു. ജീവസാന്നിധ്യത്തിന്റെ ശേഷിപ്പുകളുടെ സമൃദ്ധഭൂമിയായ ഓസ്ട്രേലിയയിലെ ഒറ്റപ്പെട്ട പ്രദേശത്തുനിന്നു ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫോസില്‍ കണ്ടെത്തിയിരിക്കുന്നു, സെല്‍ പോലുള്ള മൈക്രോഫോസിലുകള്. എന്നാല്‍ ഗവേഷകലോകത്തിന് ഈ ഫോസില്‍ നിര്‍ണായകമാകുന്നതു പഴക്കംകൊണ്ടു മാത്രമല്ല, ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം തിരയുന്നവര്‍ക്കു തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണു പുതിയ ഫോസില്‍. അവശിഷ്ടങ്ങളില്‍ നിന്ന് അന്യഗ്രഹത്തിലെ ജീവനിലേക്കൊരു കുതിച്ചുച്ചാട്ടത്തിനൊരുങ്ങുന്നു ഗവേഷകലോകം. ചൊവ്വയില്‍ ജീവനുണ്ടെന്ന ഏറ്റവും വലിയ വാര്‍ത്തയിലേക്കുള്ള അന്വേഷണത്തിന്റെ വഴിത്തിരിവ് ഒരുപക്ഷേ, ഈ ഫോസിലില്‍ നിന്നായിരിക്കും.
ഓസ്ട്രേലിയയില്‍ നിന്നു ലഭിച്ച ഫോസിലിന്റെ പഴക്കം 3.4 ബില്യണ്‍ വര്‍ഷം. അതായതു ഭൂമിയില്‍ ഊര്‍ജസമ്പാദനത്തിന് ഓക്സിജന്‍ ഇല്ലാതിരുന്ന കാലം. സള്‍ഫറിനെ അടിസ്ഥാനമാക്കിയായിരുന്നു അക്കാലത്തു ജീവന്റെ നിലനില്‍പ്പ്. വളരെക്കുറവ് ഓക്സിജനിലോ, ഓക്സിജന്‍ പൂര്‍ണമായും ഇല്ലാതെതന്നെയോ ജീവനു നിലനില്ക്കാന് കഴിയുമെന്ന തിരിച്ചറിവാണു വഴിത്തിരിവാകുന്നത്. അങ്ങനെയെങ്കില്‍ ചൊവ്വയില്‍ ജീവന് ഇപ്പോഴും ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കോശങ്ങള്‍ക്കും ബാക്റ്റീരിയയ്ക്കും ഓക്സിജന്‍ ഇല്ലാതെ നിലനില്ക്കാന് കഴിയുമെങ്കില്‍ അത്തരത്തിലുള്ള ജീവിവര്‍ഗങ്ങള്‍ മറ്റു ഗ്രഹങ്ങളിലും ഉണ്ടാകുമെന്നു തന്നെയാണു ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ചൊവ്വയില്‍ ഓക്സിജന്‍ ഇല്ലാത്തത് അവിടെ ജീവന് ഉണ്ടാകാതിരിക്കാനുള്ള ഒരു കാരണമല്ലെന്ന് ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയിലെ മാര്ട്ടിന് ബ്രസീര്‍ പറയുന്നു. ഫോസിലുകള്‍ കണ്ടെത്താനുളള സംഘത്തില്‍ അംഗമായിരുന്നു മാര്ട്ടിന്.
ഓസ്ട്രേലിയയിലെ സ്റ്റെല്ലി പൂള് എന്ന ഉള്‍നാടന്‍ പ്രദേശത്താണ് ഈ മൈക്രോഫോസില്‍ കണ്ടെത്തിയിരിക്കുന്നത്. നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങള്‍പ്രകാരം സെഡിമെന്ററി റോക്കിന്റെ ഉള്ളില്‍ നിന്നാണു ഫോസില്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്തി ലെ ഏറ്റവും പഴക്കമേറിയ സെഡിമെന്ററി റോക്കുകളില്‍ ഒന്നാണിതെന്ന പ്രത്യേകതയുമുണ്ട്.
രണ്ടു വലിയ അഗ്നിപര്‍വതസ്ഫോടനങ്ങളുടെ ഇടവേളയിലാണ് ഈ കല്ലുകള്‍ രൂപംകൊണ്ടതെന്ന് ഉറപ്പാണ്. അതായത്, ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്. ഇപ്പോള്‍ കാണുന്ന രീതിയിലായിരുന്നില്ല അന്നു ഭൂമിയുടെ അവസ്ഥ. അഗ്നിപര്‍വതസ്ഫോടനങ്ങളും ഉല്‍ക്കകള്‍ വന്നു പതിക്കുന്നതും പതിവായിരുന്നു ആ സമയത്ത്. ആകാശം മേഘം നിറഞ്ഞതും വളരെയധികം ചൂടു കൂടിയതുമായിരുന്നു. അതായത്, സമുദ്രത്തിലെ ജലത്തിന്റെ ചൂടു തന്നെ നാല്പ്പ തു മുതല്‍ അമ്പതു ഡിഗ്രി സെല്‍ഷ്യസ് വരെ. ചെടികളോ ആല്‍ഗെയോ ഇല്ലാത്തതിനാല്‍ ഓക്സിജന്റെ അളവു വളരെ കുറവും ആയിരുന്നു. ആ സാഹചര്യങ്ങളെയൊക്കെ അതിജീവിച്ച് അല്ലെങ്കില്‍ പൊരുത്തപ്പെട്ട് ജീവന് നിലനിന്നിരുന്നുവെന്നതു വലിയ കാര്യം തന്നെയാണെന്നു മാര്ട്ടിന് വ്യക്തമാക്കുന്നു.
അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫോസിലിന് ഇരട്ടിപ്രാധാന്യം കൈവരുന്നു. മറ്റു ഫോസിലുകള്‍ പരിശോധിക്കുന്ന വിദ്യകളും മാര്‍ഗങ്ങളും തന്നെയാണു ഈ ഫോസിലിനെക്കുറിച്ചു പഠിക്കാനും ഉപയോഗിക്കുന്നത്. ഭൂമിയിലെ ആദ്യകാല ജീവനുകളെക്കുറിച്ചു വ്യക്തമായ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ഈ ഫോസിലിനു കഴിയുമെന്നു തന്നെ ശാസ്ത്രജ്ഞന്മാര് വിശ്വസിക്കുന്നു. അതുമാത്രമല്ല അന്യഗ്രഹ ങ്ങളിലെ ജീവന്റെ സാധ്യതയിലേക്കുള്ള പുതിയ വാതില്‍ കൂടിയാണു മൈക്രോഫോസിലുകള് തുറന്നുതന്നിരിക്കുന്നത്. അന്യഗ്രഹങ്ങളില്‍ ജീവന് ഉണ്ടാകില്ലെന്ന് ഇനി തറപ്പിച്ചു പറയാന്‍ കഴിയില്ല. കാരണം മറ്റു ഗ്രഹങ്ങള്‍ക്കു തുല്യമായ അവസ്ഥ, ഭൂമിയില്‍ ഉണ്ടായിരുന്നപ്പോഴും ഇവിടെ ജീവന്റെ തരികള്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല