1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2011

ലണ്ടന്‍: ഇന്നത്തെ സ്ത്രീകള്‍ ഒന്ന് പ്രസവിച്ചാല്‍ തന്നെ പറയും ഇനി ഈ പരിപാടിക്ക് ഞാനില്ലെന്ന്. ഇവര്‍ കെല്ലി ബേറ്റ്‌സിന്റെ കാര്യം കേട്ടാല്‍ തീര്‍ച്ചയായും ഞെട്ടും. കെല്ലിക്ക് 18 കുട്ടികളുണ്ട്. ഒരു പ്രസവത്തില്‍ പോലും ഇരട്ടകളില്ല. പ്രായപൂര്‍ത്തിയായ ശേഷം ഗര്‍ഭിണിയല്ലാതിരുന്ന കാലം വളരെ കുറവാണ്. പക്ഷെ രസം അതല്ല, രണ്ട് സ്‌പോട്‌സ് ടീമുകള്‍ ഉണ്ടാക്കാനുള്ള മക്കളുണ്ടായിട്ടും കെല്ലിക്ക് ഇനിയും രണ്ടു കുട്ടികള്‍ കൂടി വേണമെന്നാണ് ആഗ്രഹം.

ഗര്‍ഭിണിയല്ലാത്ത സമയത്തെക്കാള്‍ തനിക്ക് സുഖകരമായി തോന്നുന്നത് ഗര്‍ഭിണിയായിരിക്കുന്ന സമയമാണെന്നാണ് കെല്ലി പറയുന്നത്. 22 കാരനായ സാച്ചാണ് കെല്ലിയുടെ മൂത്ത കുട്ടി. മിക്കൈല്ല (21), ലോസണ്‍ (19), നെതാന്‍ (18), അലീസിയ (16), ടോറി (15), ട്രെയ്‌സ് (14), കാര്‍ലിന്‍ (13), ജോസി (12), കാറ്റി (10), ജാക്ക്‌സണ്‍ (9), വാര്‍ഡണ്‍ (8), ഇസൈഹാ(6), അഡല്ലീ (5), എല്ലി (4), കല്ലീ (2), ജഡ്‌സണ്‍ (11മാസം) എന്നിവരാണ് കെല്ലിയുടെ കുട്ടികള്‍.

റിയാലിറ്റി ടിവി ഷോ താരങ്ങളും തന്റെ നല്ല സുഹൃത്തുക്കളുമായ ദ ഡഗേഴ്‌സിനെ (19 കുട്ടികള്‍) മറികടക്കാനുള്ള ശ്രമത്താണ് കെല്ലി. ഈ രണ്ടുകുടുംബങ്ങളും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ ഒത്തുചേര്‍ന്നാല്‍ പിന്നെ ബഹളമയമായിരിക്കും.

2010ലെ സെന്‍സസിനുശേഷം നിര്‍ദേശിച്ചതിനേക്കാള്‍ ഏഴിരട്ടി കുട്ടികളെ ഉണ്ടാക്കുക എന്നതൊന്നുമല്ല ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. കെല്ലിയും ഭര്‍ത്താവ് ഗില്ലും ഗര്‍ഭനിരോധനത്തില്‍ വിശ്വാസമില്ലാത്ത സുവിശേഷാനുസാരമായ ക്രൈസ്തവരില്‍ പെട്ടതാണ്. തങ്ങളുടെ ജീവിതവും, കുടുംബത്തിന്റെ വലിപ്പവും ദൈവത്തിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണിവര്‍. ദൈവം തരുന്നത് ഇരുകൈ നീട്ടി സ്വീകരിക്കുക. ബാക്കിയെല്ലാം ദൈവം നോക്കിക്കോളം എന്നാണ് ഇവരുടെ വിശ്വാസം.

ഇവര്‍ പങ്കെടുത്ത എബിസി ന്യൂസ് നൈറ്റ്‌ലൈന്‍ കഴിഞ്ഞദിവസം സംപ്രേഷണം ചെയ്തിരുന്നു. ഇപ്പോള്‍ 10 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളുമുള്ള ഈ ദമ്പതികള്‍ തങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികളെ കൂടി ലഭിക്കുന്നതിനാവശ്യമായ വൈദ്യപരിചരണത്തിനുള്ള സഹായം നല്‍കണമെന്നാണ് ചാനല്‍ പരിപാടിയിലൂടെ ആവശ്യപ്പെട്ടത്.

അവസാനത്തെ രണ്ടുകുഞ്ഞുങ്ങളുടെ ജനനത്തിനിടെ രണ്ടു തവണ കെല്ലിക്ക് ഗര്‍ഭം അലസിപോയിരുന്നു. ഇതേ തുടര്‍ന്ന് ഗര്‍ഭപാത്രത്തിന്റെ ഭിത്തി ശക്തിപ്പെടുത്തുന്നതിനായി ഹോര്‍മോണ്‍ തറാപ്പിക്ക് വിധേയയാകേണ്ടി വന്നു. ഇതിനു ശേഷം മറ്റൊരു ഗര്‍ഭം കൂടി അലസിപ്പോയിരുന്നു. തന്റെ കുടുംബത്തെ ഇനിയും വലുതാക്കാനായി ചികിത്സയ്ക്കുവിധേയയാകാണ് കെല്ലിയുടെ തീരുമാനം.

ഇതൊക്കെയാണ് കാര്യമെങ്കിലും അവസാനത്തെ പത്ത് കുട്ടികള്‍ക്ക് ഈ ദമ്പതികളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിട്ടില്ല. എന്തെങ്കിലും രോഗമുണ്ടാകുകയാണെങ്കില്‍ അപ്പോള്‍ തന്നെ ഡോക്ടറെ കാണിക്കുകയാണ് പതിവെന്നും കെല്ലി പറഞ്ഞു. ചികിത്സയ്ക്കുള്ള ചിലവും കുട്ടികളെ വളര്‍ത്തുന്നതിനുള്ള ചിലവും കാരണം ബുദ്ധിമുട്ടുമ്പോഴും ഈ ദമ്പതികള്‍ക്ക് പറയാനുള്ളത് രണ്ടു കുട്ടികളെക്കൂടി തങ്ങള്‍ക്കു നല്‍കണേ എന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.