സ്വന്തം ലേഖകൻ: തന്റെ പാർട്ടിയെ വിജയിപ്പിക്കുന്ന പക്ഷം ക്രിസ്മസിനു മുന്‍പ് പാർലമെന്റിൽ ബ്രെക്സിറ്റ് കരാർ അവതരിപ്പിക്കുമെന്നും ജനുവരിയിൽത്തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടനെ പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി ബോറീസ് ജോൺസൻ.
ഞായറാഴ്ച അവതരിപ്പിച്ച കൺസർവേറ്റീവ് പാർട്ടി പ്രകടന പത്രികയിലാണ് ഈ വാഗ്ദാനം. ആദായനികുതി, വാറ്റ്, ദേശീയ ഇൻഷ്വറൻസിലേക്കുള്ള സംഭാവന എന്നിവ അഞ്ചുവർഷത്തേക്ക് വർധിപ്പിക്കില്ല. അന്‍പതിനായിരം നഴ്സുമാരെയും ഇരുപതിനായിരം പോലീസുകാരെയും നിയമിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. നഴ്സുമാരിൽ കുറേപ്പേരെ വിദേശത്തുനിന്നും റിക്രൂട്ടു ചെയ്യുമെന്ന പരാമർശവും ശ്രദ്ധേയമാണ്.
അടിസ്ഥാന വികസന മേഖലയിലും ശാസ്ത്ര, വിദ്യാഭ്യാസ മേഖലയിലും കൂടുതൽ പണം ചെലവഴിക്കും. കടം നിയന്ത്രിച്ചു നിർത്തും. ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത് കൺസർവേറ്റീവ് പാർട്ടിലേബർ പാർട്ടിയെക്കാൾ മുന്നിലാണെന്നാണ്. ഡിസംബർ 12ലെ തെരഞ്ഞെടുപ്പിലും ഈ മുന്നേറ്റം നിലനിർത്താനായാൽ ജോൺസൻ മികച്ച ഭൂരിപക്ഷം നേടുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല