സ്വന്തം ലേഖകൻ: സര്‍ക്കാറിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപെടുന്നതായി വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയര്‍മാനുമായ രാഹുല്‍ ബജാജ്. അമിത് ഷായെ വേദിയിലിരുത്തിയാണ് രാഹുലിന്റെ പരാമര്‍ശം. ശരിയായ മനോഭാവത്തില്‍ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നരേന്ദ്ര മോദിസര്‍ക്കാരിന് കഴിയുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും അദേഹം പറഞ്ഞു.
മുബൈയില്‍ നടന്ന ഇക്കണോമിക്ക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് കേന്ദമന്ത്രിമാരായ അമിത്ഷാ, നിര്‍മലാ സീതാരാമന്, പീയുഷ് ഗോയല്‍ എന്നിവരെ വേദിയിലിരുത്തിയാണ് കേന്ദ്രസര്‍ക്കാറിനെതിരെ രാഹുല്‍ ബജാജ് വിമര്‍ശനമുന്നയിച്ചത്. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ഭരണകൂടം ഭയത്തിന്റെയും അനിശ്ചിതത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
ഒന്നിനെ കുറിച്ചും ഭയക്കേണ്ടതില്ലന്നായിരുന്നു അമിത് ഷാ അതേവേദിയില്‍ ഇതിന് മറുപടി പറഞ്ഞത്. സര്‍ക്കാറിനെ മാധ്യമങ്ങള്‍ നിരന്തരം വിമര്‍ശിക്കുന്നുണ്ട്. സുതാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപെടാന് ശ്രമിക്കുകയാണെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.
ഭോപ്പാല്‍ എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ഗോഡസെ പരാമര്‍ശത്തെ കുറിച്ചും രാഹുല്‍ ബജാജ് പരാമര്‍ശിച്ചു. ആരാണ് ഗാന്ധിയെ വെടിവച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ, എനിക്കില്ല എന്നായിരുന്നു അദേഹത്തിന്റെ പ്രസ്താവന. ഠാക്കൂറിന്റെ പ്രസതാവനയെ അപലപിക്കുന്നുവെന്ന് അമിത് ഷാ ഇതിനോട് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല