സ്വന്തം ലേഖകൻ: ഷെയ്ൻ നിഗവും നിര്‍മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നം ഉടന്‍ ഒത്തുതീരില്ല. ഒത്തുതീര്‍പ്പ് ചര്‍ക്കള്‍ നടക്കുന്നതിനിടെ ഷെയ്ൻ നടത്തിയ വിവാദ പരാമര്‍ശം സിനിമാ മേഖലയില്‍ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്.
നിര്‍മാതാക്കള്‍ക്ക് മനോരോഗമാണോ എന്നാണ് തന്റെ സംശയമെന്ന് ഷെയ്ൻ നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും വിവാദം കത്തിയത്. ഷെയ്ൻ നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്ക’യും രംഗത്തെത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ തീരുമാനിച്ചു. ഷെയ്ൻ ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.
തങ്ങള്‍ക്ക് മനോരോഗമാണെന്ന് പറഞ്ഞ ആളുമായി എങ്ങനെ ചര്‍ച്ച നടത്തുമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ചോദ്യം. ഷെയ്ൻ നിഗവുമായി ഇനി ചര്‍ച്ച വേണ്ടെന്ന് അമ്മയിലെ ഒരു വിഭാഗവും ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്ൻ ശ്രമിച്ചെന്നും സംഘടനകള്‍ നിലപാട് വ്യക്തമാക്കുന്നു.
നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്ന് നടന് ഷെയ്ന് നിഗം തിരുവനന്തപുരത്ത് പറഞ്ഞതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് കാരണം. ഐഎഫ്എഫ്കെ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്. ചലച്ചിത്ര മേളയില്‍ ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഷെയ്നിന്റെ പ്രതികരണം.
പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്, എന്നാൽ ചർച്ചയ്ക്ക് ചെല്ലുമ്പോൾ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും റേഡിയോ പോലെ ഒരു കൂട്ടർ മാത്രമാണ് ഇരുന്ന് സംസാരിക്കുന്നതെന്നും ഷെയ്ൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം വീണ്ടും ചിത്രീകരണത്തിനായി പോയപ്പോൾ, ഇക്കുറി നിർമാതാവല്ല മറിച്ച് സംവിധായകനും ക്യാമറാമാനുമായിരുന്നു തന്നെ ബുദ്ധിമുട്ടിച്ചതെന്നും അതിന് തന്റെ പക്കൽ തെളിവുകളുണ്ടെന്നും ഷെയ്ൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല