ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുന്നു. ബില്ലിന് ഇതുവരെ അന്തിമരൂപമാകാത്ത സ്ഥിതിക്ക് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാവില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ അറിയിച്ചു.
ജന്‍ലോക്പാല്‍ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്ക് ആരും നോട്ടീസ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നോട്ടീസ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ബില്‍ സംബന്ധിച്ച പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയില്ല. ജന്‍ലോക്പാലടക്കമുള്ള ബില്ലുകളുടെ പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ പാസാക്കണമെങ്കില്‍ ചട്ടം 184 പ്രകാരം ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്. ഒരു പാര്‍ട്ടിയും നോട്ടീസ് നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് നല്‍കിയത് ചട്ടം 193 പ്രകാരമുള്ള നോട്ടീസാണെന്നും ബന്‍സല്‍ വ്യക്തമാക്കുന്നു. ഈ നോട്ടീസ് പ്രകാരം ബില്ലിന്റെ പ്രമേയം പാസാക്കാനാകില്ല. മറിച്ച് ചര്‍ച്ചയ്ക്കു പരിഗണിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. വോട്ടിങ്ങില്ലാത്ത ചര്‍ച്ച മാത്രമായിരിക്കും ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടക്കുക.
അതേസമയം ചര്‍ച്ചയ്ക്കായി അവതരിപ്പിക്കേണ്ട പ്രമേയവുമായി വിലാസ് റാവു ദേശ്മുഖ് ഹസാരെയുമായി കൂടിക്കാഴ്ച നടത്തുന്നു. വിഷയവുമായി ബന്ധപ്പെട്ട് പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയുമായും ഹസാരെ ടീം പ്രകാശ് കാരാട്ടുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുമ്പായി ഹസാരെയോട് സമരം നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
അതേസമയം ജന്‍ലോക്പാല്‍ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ മാത്രമേ നിരാഹാരം അവസാനിപ്പിക്കുകയുള്ളുവെന്ന് ഹസാരെ സംഘം അറിയിച്ചു. സമരം 11 ാം ദിവസത്തിലേക്ക് കടന്നുവെങ്കിലും തന്റെ ആരോഗ്യകാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഹസാരെ വ്യക്തമാക്കി.
ഹസാരെയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും സര്‍ക്കാറിന്റെ ലോക്പാല്‍ ബില്ലിനൊപ്പം ഹസാരെ സംഘം മുന്നോട്ട് വച്ച ജനലോക്പാല്‍ ബില്ലും ചട്ടം 184 പ്രകാരം വോട്ടിങ്ങോടെ ചര്‍ച്ച നടത്താമെന്നും നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. രണ്ടുദിവസമായി നടന്നുവരുന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേന്ദ്രം ഹസാരെയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചത്. പ്രധാനമായും മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഹസാരെ സംഘം മുന്നോട്ട് വെച്ചിരുന്നത്. താഴെത്തട്ടുവരെയുള്ള ഉദ്യോഗസ്ഥരെ ലോക്പാലിന്റെ പരിധിയില്‍ പെടുത്തുക, പൊതുജനങ്ങള്‍ ഇടപെടുന്ന ഓരോ സര്‍ക്കാര്‍ ഓഫീസുകളിലും പൗരാവകാശ വ്യവസ്ഥ സംബന്ധിച്ച പത്രിക പ്രദര്‍ശിപ്പിക്കുക, എല്ലാസംസ്ഥാനങ്ങളിലും ലോകായുക്ത രൂപവത്കരിച്ച് ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നിവയാണ് ഈ വ്യവസ്ഥകള്‍. ഇതിനിടെ ജനലോക്പാല്‍ ബില്ലിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച് ഹസാരെയ്ക്ക് ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം കത്തയിച്ചിരുന്നു.
മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് ആണ് കഴിഞ്ഞ ദിവസം ഹസാരെയുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയത്. രാംലീലാ മൈതാനത്തെ വേദിയിലെത്തി ഹസാരെയെ നേരിട്ടുകണ്ട അദ്ദേഹം സര്‍ക്കാരിന്റെ നിലപാട് അറിയിച്ചു. ഭരണഘടനാപരമായ സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളും ഹസാരെയുടെ ആരോഗ്യത്തില്‍ സര്‍ക്കാരിനുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഹസാരെയുമായി ദീര്‍ഘകാലമായുള്ള അടുപ്പം അദ്ദേഹത്തെ അനുനയിപ്പിക്കുന്നതില്‍ ദേശ്മുഖിനെ സഹായിച്ചു. ദേശ്മുഖ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ തലത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടന്നത്.
ബുധനാഴ്ച രാത്രി ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം അസന്തുഷ്ടി അറിയിച്ച ഹസാരെ സംഘം രാത്രി വൈകി പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകളിലായിരുന്നു. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ നാളെ ‘ദല്‍ഹി ചലോ, ‘ജയില്‍ നിറയ്ക്കല്‍ തുടങ്ങിയ സമരമുറകള്‍ സ്വീകരിക്കുമെന്ന് ഇന്നലെ രാവിലെ അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്നു രാവിലത്തെ പ്രസംഗത്തില്‍ ഹസാരെ ആവര്‍ത്തിക്കുകയും ചെയ്തു. പിന്നീടാണു ചര്‍ച്ചകള്‍ സജീവമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല