സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിലൂടെ മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അമേരിക്കക്കാരി എലിസ എന്ന എലിക്കുട്ടിയെ കുറിച്ച് കുറച്ചുപേരെങ്കിലും കേട്ടിട്ടുണ്ടാവും. എലിക്കുട്ടിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
‘എനിക്കു വയ്യ’ എന്ന പ്രയോഗത്തിന്റെ നാനാർത്ഥങ്ങളും വിവിധ സാഹചര്യങ്ങളിലെ ഉപയോഗവുമൊക്കെ രസകരമായി അവതരിപ്പിക്കുകയാണ് എലിക്കുട്ടി വീഡിയോയിൽ. ഇംഗ്ലീഷ് കലർന്ന മലയാളത്തിലുള്ള എലിക്കുട്ടിയുടെ അവതരണം ആരിലും കൗതുകമുണർത്തും.
അമേരിക്കക്കാരിയാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ എലിക്കുട്ടി എന്ന എലിസ. എലിസബത്ത് മാരി കെയ്ടൺ എന്നാണ് എലിസയുടെ യഥാർത്ഥ പേര്. എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയായ എലിസ അജ്മാൻ അപ്ലൈഡ് ടെക്നോളജി ഹൈസ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ദുബായിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലാണ് എലിക്കുട്ടിയുടെ മലയാളത്തോടുള്ള ഇഷ്ടം തുടങ്ങുന്നത്.
പിന്നീട് മലയാളിയായ അർജുൻ ഉല്ലാസിനെ വിവാഹം കഴിച്ച് എലിക്കുട്ടി മലയാളത്തിന്റെ മരുമകളുമായി. താൻ പഠിക്കുന്ന മലയാളപാഠങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്താണ് എലിക്കുട്ടി ആദ്യം വാർത്തകളിൽ നിറയുന്നത്. എന്നാൽ ഇപ്പോൾ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന പല വിദേശികൾക്കും എലിക്കുട്ടി ഓൺലൈനിലെ മലയാളം ടീച്ചറായി മാറിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല