സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പല തവണ വന്നുപോകാൻ സഹായിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസിറ്റിംഗ് വിസ പുതുക്കൽ എളുപ്പമാക്കി. ഒരു വർഷത്തേക്കുള്ള വിസയിൽ എത്തുന്ന പ്രവാസി കുടുംബങ്ങൾക്ക് അവസാന പുതുക്കലിന് രാജ്യം വിടേണ്ടതില്ല. രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ പുതുക്കാൻ കഴിയും വിധമാണ് നടപടിക്രമം ലളിതമാക്കിയത്.
ഒമ്പത് മുതൽ 12 മാസം വരെ കാലയിളവിലേക്ക് വിസ പുതുക്കുന്നതിനാണ് ഓൺലൈനിൽ അവസരം നൽകിയിരിക്കുന്നത്. ആദ്യ മൂന്ന് മാസത്തിന് ശേഷം ആറു മാസം വരെ സൗദിയിൽ നിന്ന് കൊണ്ട് തന്നെ ഓൺലൈനിൽ പുതുക്കാനാകും. ആറുമാസം കഴിഞ്ഞാൽ ഒമ്പത് മാസം വരെ പുതുക്കുന്നതിന് രാജ്യത്തിന് പുറത്ത് പോയി തിരിച്ചെത്തണം എന്നായിരുന്നു നിയമം.
കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വിസ പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാകും. ആരോഗ്യ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ പുതുക്കിയതിന് ശേഷമാണ് വിസ പുതുക്കുന്നതിന് അപേക്ഷിക്കേണ്ടത്.
വിസയും ഇൻഷുറൻസും പുതുക്കുന്നതിനുള്ള ഫീസുകളും ഓൺലൈൻ വഴി അടക്കാം. ഒമ്പത് മാസത്തിനുശേഷം 12 മാസം വരെ ഓൺലൈനിൽ പുതുക്കാം. ഈ സൗകര്യം വന്നിട്ടും അതറിയാതെ നിരവധി കുടുംബങ്ങൾ ബഹ്റൈനിലും യുഎഇയിലും പോയി വിസ പുതുക്കി തിരിച്ചെത്തുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല