സ്വന്തം ലേഖകൻ: യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് റെയില്‍വെ. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അര്‍ധരാത്രി (ജനുവരി ഒന്ന്) മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. സബര്‍ബന്‍ നിരക്കുകളിലും സീസണ് ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല. റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് എന്നിവയിലും മാറ്റമില്ല. നേരത്തെതന്നെ ബുക്കുചെയ്ത ടിക്കറ്റുകള്‍ക്കും നിരക്കുവര്‍ധന ബാധകമാകില്ല.
മെയില്‍/എക്സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എ.സി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് വരുന്നത്. സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും. എ.സി നിരക്കുകളില്‍ നാലു പൈസയുടെ വര്‍ധനയാണ് വരുന്നത്. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതം വര്‍ധിക്കും.
സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ധനയുണ്ടാവുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പ്രീമിയം ട്രെയിനുകളായ ശതാബ്ദി, രാജധാനി, തുരന്തോ എന്നിവയുടെ നിരക്കുകളും വര്‍ധിക്കും. 1147 കിലോമീറ്ററുള്ള ഡല്‍ഹി – കൊല്‍ക്കത്ത റൂട്ടില്‍ രാജധാനി എക്സ്പ്രസില്‍ സഞ്ചരിക്കുന്നയാള്‍ക്ക് കിലോമീറ്ററിന് നാല് പൈസ നിരക്കില്‍ വര്‍ധന വരുമ്പോള്‍ 58 രൂപ അധികം നല്‍കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല