ന്യൂദല്‍ഹി: ജന്‍ലോക്പാലിനുവേണ്ടി നിരാഹാരം സമരം നടത്തുന്ന ഗാന്ധിയന്‍ അണ്ണ ഹസാരെയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സ്വാമി അഗ്നിവേശ് ഫോണില്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍. ഫോണില്‍ കപില്‍ എന്ന വ്യക്തിയെ അഭിസംബോധന ചെയ്ത് ഹസാരെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഗ്നിവേശ് ഒരു കെട്ടിടത്തില്‍ നിന്നിറങ്ങിവരുന്ന ദൃശ്യമാണ് പുറത്തായത്. ‘കപില്‍, മഹാരാജ്, എന്തിനാണ് അവര്‍ക്കിത്രയും നല്‍കുന്നത്?’ എന്നാണ് അഗ്‌നിവേശ് ചോദിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെ ഹസാരെ സംഘത്തിലെ പ്രധാന അംഗങ്ങള്‍ അഗ്നിവേശിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ തനിക്കെതിരെ പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നുമാണ് അഗ്നിവേശിന്റെ വിശദീകരണം.
അഗ്നിവേശ് ഫോണില്‍ ബന്ധപ്പെട്ട കപില്‍ കേന്ദ്രമന്ത്രി കപില്‍ സിബലാണെന്നാണ് ഹസാരെ സംഘാംഗങ്ങളുടെ ആരോപണം.
അതേസമയം, അഗ്നിവേശ് സംസാരിച്ചത് കപില്‍ സിബലുമായാണെന്ന് കിരണ്‍ ബേദി ആരോപിച്ചു. കപില്‍ സാഹബ് എന്നു വിളിച്ച് അദ്ദേഹം സംസാരിക്കുന്നത് താന്‍ കേട്ടെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ താന്‍ സംസാരിച്ചത് കപില്‍ സിബലുമായല്ലെന്നാണ് അഗ്നിവേശ് പറയുന്നത്. കപില്‍ എന്ന് പേരുള്ള ഒട്ടേറെ പേര്‍ തനിക്ക് സുഹൃത്തുക്കളായുണ്ടെന്നും രാഷ്ട്രീയ നേതാക്കളെ മഹാരാജ് എന്ന് വിളിച്ച് താന്‍ ഒരിക്കലും സംസാരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അണ്ണാ ഹസാരെ സംഘത്തില്‍ നിന്ന് സ്വാമി അഗ്നിവേശിനെ പുറത്താക്കി.
അഗ്നിവേശ് ഹസാരെ സംഘത്തിന്റെ ഭാഗമല്ല എന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.അണ്ണാ ഹസാരെയുടെ ആരോഗ്യനിലയെ കുറിച്ച് വിശദീകരണം നല്‍കുമ്പോഴാണ് കെജ്‌രിവാള്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അണ്ണാ സംഘത്തിലുള്ളവര്‍ അഗ്നിവേശുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു എന്നും അദ്ദേഹത്തിന് ഇനി മുതല്‍ അണ്ണാ ഹസാരെയുടെ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരിക്കുന്നതല്ല എന്നുമാണ് കെജ്‌രിവാള്‍ പറഞ്ഞത്.
ആശുപത്രി വിട്ടാലുടന്‍ അണ്ണാ ഹസാരെ സ്വന്തം ഗ്രാമമായ റലേഗാവണ്‍ സിദ്ധിയിലേക്ക് പോകും എന്നും അവിടെ വച്ചായിരിക്കും ലോക്പാല്‍ ബില്ലിനെ സംബന്ധിച്ചുള്ള ഭാവി പരിപാടികള്‍ നിശ്ചയിക്കുക എന്നും കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ലമെന്റിനോട് ആജ്ഞാപിക്കുന്ന രീതിയിലാണ് അണ്ണാ ഹസാരെയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയും സ്വാമി അഗ്നിവേശും അഭിപ്രായപ്പെട്ടതായിരുന്നു സംഘത്തിലെ ഭിന്നത പുറത്തറിയിച്ച ആദ്യ സംഭവം. പിന്നീട്, അഗ്നിവേശ് അണ്ണാ ഹസാരെയ്ക്ക് എതിരെ കപില്‍ സിബലിനോട് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിംഗ് യൂട്യൂബില്‍ വന്നത് പ്രശ്നം സങ്കീര്‍ണ്ണമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല