സ്വന്തം ലേഖകൻ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി ജനങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് തെരുവിലിറങ്ങിയത്. ഇതിനെ മറികടക്കാന്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നവരെ ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തുന്നത്.
പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണയ്ക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസം ബിജെപി ഒരു ടോള്‍ ഫ്രീ നമ്പര്‍ ഇറക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന എല്ലാവരും ഈ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ ഈ നമ്പര്‍ വലിയ രീതിയില്‍ പ്രചരിച്ചു.
‘8866288662’ എന്നതാണ് ബിജെപി നല്കിയ ടോള്‍ ഫ്രീ നമ്പര്‍. മറ്റ് പല രീതികളിലും ഈ നമ്പര്‍ പ്രചരിച്ചു. പിന്തുണ വര്‍ധിപ്പിക്കാന്‍ വേണ്ടി ചില സ്ത്രീകളുടെ അക്കൗണ്ടില്‍ നിന്ന് ഈ നമ്പര്‍ ഷെയര്‍ ചെയ്തതായി കണ്ടു. ‘ഹണി ട്രാപ്’ എന്ന നിലയിലാണ് പലയിടത്തും നമ്പര്‍ പ്രചരിച്ചത്. സെക്സിനുവേണ്ടി വിളിക്കൂ എന്ന് പറഞ്ഞ് പല അക്കൗണ്ടുകളും വഴി ഷെയര്‍ ചെയ്യപ്പെട്ടതും ബിജെപിയുടെ ടോള്‍ ഫ്രീ നമ്പറാണ്.
“അടുത്ത ആറ് മാസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യമായി ലഭിക്കാന്‍ ഈ നമ്പറിലേക്ക് മിസ്ഡ് കോള്‍ അയക്കൂ,” എന്ന തരത്തിലും ഇത് പ്രചരിച്ചു. ഈ നമ്പറിലേക്ക് വിളിച്ചാല്‍ ഒരു യൂസര്‍നെയിമും പാസ്വേർഡും ലഭിക്കുമെന്ന് വ്യാജ വാഗ്ദാനത്തിൽ പറയുന്നു. ആദ്യം വിളിക്കുന്ന ആയിരം പേര്‍ക്കാണ് നെറ്റ്ഫ്ളിക്സിന്റെ ഓഫര്‍ ലഭിക്കുന്ന എന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു. ബിജെപിയുടെ ടോള്‍ ഫ്രീ നമ്പര്‍ വച്ചാണ് ഇതൊക്കെ നടന്നത്.
ഇത് തെറ്റായ സന്ദേശമാണെന്ന് നെറ്റ്ഫ്ളിക്സ് വ്യക്തമാക്കി. ഇങ്ങനെയൊരു ഓഫർ ഇല്ലെന്നും നെറ്റ്ഫ്ളിക്സ് പറയുന്നു. സെക്സിനുവേണ്ടി വിളിക്കൂ എന്ന് പറഞ്ഞ് പല അക്കൗണ്ടുകളും വഴി ഷെയര്‍ ചെയ്യപ്പെട്ടതും ബിജെപിയുടെ ടോള്‍ ഫ്രീ നമ്പറാണ്. ജനങ്ങളുടെ ഇടയില്‍ പൗരത്വ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറാനാണ് ഇത്തരത്തിലുള്ള മിസ്ഡ് കോൾ ക്യാംപയിൻ ആരംഭിച്ചതെന്നാണ് ബിജെപി നേതാവ് അനില്‍ ജെയ്ന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല