സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ യാഥാർഥ്യമാകും. ഇതിന്റെ ഭാഗമായി ബഹിരാകാശയാത്രികർക്ക് പ്രത്യേക ഭക്ഷണ, ദ്രാവക പാക്കേജുകളാണ് മൈസൂരിലെ പ്രതിരോധ ഭക്ഷ്യ ഗവേഷണ ലബോറട്ടറി തയാറാക്കിയിരിക്കുന്നത്.
ബഹിരാകാശയാത്രികരുടെ മെനുവിൽ മുട്ട റോളുകൾ, വെജ് റോളുകൾ, ഇഡ്ലി, മൂംഗ് ദാൽ ഹൽവ, വെജ് പുലാവ് എന്നിവ ഉൾപ്പെടുന്നു. ഫുഡ് ഹീറ്ററുകൾക്കൊപ്പം ബഹിരാകാശത്ത് വെള്ളവും ജ്യൂസും കുടിക്കാനായി പ്രത്യേക പാത്രങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു.
2021 ഡിസംബറോടെ സ്വന്തം സാങ്കേതികവിദ്യയിൽ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കുമെന്ന് ഇസ്റോ അറിയിച്ചു. മൂന്ന് യാത്രികരെ കുറഞ്ഞത് ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് എത്തിക്കുന്ന ദൗത്യമാണ് ഗഗൻയാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഏകദേശം 10,000 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. നാല് ബഹിരാകാശയാത്രികരെ തിരിച്ചറിഞ്ഞതായും ഇവർക്കായുള്ള പരിശീലനം റഷ്യയിൽ ഉടൻ ആരംഭിക്കുമെന്നും ഇസ്റോ ചെയർമാൻ കെ ശിവൻ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല