സ്വന്തം ലേഖകൻ: നീണ്ട ഇടവേളയ്ക്കുശേഷം നവ്യ നായർ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടിയും മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി. വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.
‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമയിലേക്കെത്തിയത്. ‘നന്ദനം’ ആണ് നവ്യയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ചു.
2010 ൽ വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിന്നു. ഏതാനും വർഷങ്ങൾക്കുശേഷം വീണ്ടും സിനിമയിലേക്കെത്തി. വിവാഹശേഷം ചില കന്നഡ ചിത്രത്തിലും മലയാളത്തിൽ ‘സീൻ ഒന്നു നമ്മുടെ വീട്’ എന്ന സിനിമയിലും നവ്യ അഭിനയിച്ചു. സിനിമയിൽ സജീവമല്ലായിരുന്നുവെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സ്ഥിരം സാന്നിധ്യമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല