സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം യു.എ.ഇയിലെ അബുദാബിയാണെന്ന് റിപ്പോര്‍ട്ട്. സെര്‍ബിയ ആസ്ഥാനമായുള്ള നമ്പിയോ എന്ന സ്ഥാപനം നടത്തിയ സര്‍വെ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുറ്റകൃത്യ സൂചികയില്‍ ഏറ്റവും കുറവാണ് (11.33) അബുദാബിയില്‍ രേഖപ്പെടുത്തിയത്. 374 നഗരങ്ങളെ കുറിച്ച് പഠിച്ചാണ് നമ്പിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഉപഭോക്തൃ വിലകൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യസംരക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ അടക്കമുള്ള വിവരശേഖരണ കേന്ദ്രമാണ് നമ്പിയോ. 374 നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും ഉയർന്ന സുരക്ഷാ സൂചിക 88.67 ഉള്ള നഗരമായാണ് അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്.
സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഖത്തറിലെ ദോഹ രണ്ടാം സ്ഥാനത്തും യു.എ.ഇയിലെ തന്നെ ഷാര്‍ജ അഞ്ചാം സ്ഥാനത്തുമാണ്. ഏഴാം സ്ഥാനത്താണ് ദുബൈ. തായ്പേയ്, ക്യൂബെക്ക് സിറ്റി, സൂറിച്ച്, മ്യൂണിച്ച്, എസ്കിസെഹിർ, ബേണ്‍ എന്നിവയാണ് ആദ്യ പത്തില്‍ ഇടംനേടിയ മറ്റു നഗരങ്ങള്‍. ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി പട്ടികയിൽ ഇടംപിടിച്ചത് മംഗളൂരുവാണ്. 24.00 ആണ് മംഗളൂരുവിലെ കുറ്റകൃത്യ നിരക്ക്.
വഡോദര 87 ാം സ്ഥാനത്തും അഹമ്മദാബാദ് 99 ാം സ്ഥാനത്തുമാണ്. ഇതേസമയം, കൊച്ചി നഗരത്തിന് 180 ാം സ്ഥാനമാണ് ലഭിച്ചത്. തിരുവനന്തപുരത്തിന് 182 ാം സ്ഥാനവും. ഇതേസമയം, പാകിസ്താനിലെ ഏറ്റവും സുരക്ഷിത നഗരം ഇസ്ലാമാബാദാണ്. 74 ാം സ്ഥാനമാണ് ഇസ്ലാമാബാദിനുള്ളത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരം വെനസ്വേലയിലെ കാരക്കാസാണ്. പട്ടികയിലെ ഏറ്റവും അവസാന സ്ഥാനമാണ് കാരക്കാസിനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല